ജനകീയ കൂട്ടായമയില്‍ പാലിയേറ്റീവ് കെയറിന് കെട്ടിടം
മണ്ണാര്‍ക്കാട്: ജനകീയ കൂട്ടായ്മയില്‍ എടത്തനാട്ടുകരയില്‍ പാലിയേറ്റീവ് കെയറിന് സ്വന്തമായി നിമിച്ച കെട്ടിടത്തിന്റെ സമര്‍പ്പണം നാളെ നടക്കും. കോട്ടപ്പളളയിലെ പഴയ തിയേറ്ററിന് സമീപം പാറോക്കോട്ട് ഈസു ഹാജി സൗജന്യമായി നല്‍കിയ അഞ്ചുസെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പാറോക്കോട്ട് ഹംസക്കുട്ടി ഹാജി മെമ്മോറിയല്‍ പാലിയേറ്റീവ് കെയര്‍ ക്ലിനിക് ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍ എന്നാണ് കെട്ടിടത്തിന് നാമകരണം ചെയ്തിരിക്കുന്നത്.
കോട്ടോപ്പാടം, വെട്ടത്തൂര്‍ പഞ്ചായത്തുകളും, എടത്തനാട്ടുകര, അലനല്ലൂര്‍ മേഖലയിലുമുളള ആശയറ്റ രോഗികള്‍ക്കിത് പുതുനാമ്പാണ് നല്‍കുന്നത്. 2008 മുതല്‍ പ്രവര്‍ത്തനം തുടങ്ങിയ പാലിയേറ്റീവ് കെയറിന് അലനല്ലൂരിലെ സ്വകാര്യ വ്യക്തിയാണ് ആദ്യമായി ഹോം കെയറിന് വാഹനം നല്‍കിയത്. പിന്നീട് പ്രദേശത്തെ പ്രവാസി കൂട്ടായ്മയായ ജീവ എന്ന സംഘടന പുതിയ ഒരു വാഹനം കൂടി വാങ്ങി നല്‍കി.
വാടക കെട്ടിടത്തിലാണ് നീളിതുവരെയായി പ്രവര്‍ത്തനം നടത്തിവന്നത്. സ്വന്തമായി കെട്ടിടമെന്ന ആശയത്തിന് പ്രദേശത്തെ ചാലഞ്ചേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിന്ന് മിച്ചം ലഭിച്ച ആറു ലക്ഷം കൊണ്ടാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പാറോക്കോട്ട് വീട്ടില്‍ അബ്ദുല്ല എന്ന കുഞ്ഞാന്റെ വ്യക്തി ബന്ധം മൂലം ഫുട്‌ബോള്‍ - ചലചിത്ര താരങ്ങളായ ഷറഫലി, ഐ.എം വിജയന്‍, ജാബിര്‍, കലാഭവന്‍മണി, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും പ്രദര്‍ശന ഫുട്‌ബോള്‍ മത്സരത്തിനെത്തി പദ്ധതിക്ക് തങ്ങളുടെതായ സാന്നിധ്യം നല്‍കി. പദ്ധതിക്ക് സമൂഹത്തിന്റെ നാനാതുറകളിലെ വ്യക്തികളും, സ്ഥാപനങ്ങളും സഹായിച്ചതോടെ കെട്ടിടത്തിന്റെ ആദ്യഘട്ടം നിര്‍മ്മാണം പൂര്‍ത്തിയാക്കാനായതായി ഭാരവാഹികള്‍ അറിയിച്ചു.
നിലവില്‍ 80ഓളം രോഗികളെയാണ് ഹോം കെയറില്‍ പരിചരിക്കുന്നത്. രോഗികള്‍ക്ക് മരുന്നിനു പുറമെ നിര്‍ധന കുടുംബത്തിന് ഭക്ഷണ സാധനങ്ങളും, വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും മറ്റും നല്‍കുന്നുണ്ട്. ഓണം - പെരുന്നാള്‍ സമയങ്ങളില്‍ ഇവര്‍ക്ക് പുതുവസ്ത്രങ്ങളും നല്‍കുന്നതും പ്രത്യേകതയാണ്.
18 ന് രാവിലെ 10 ന് നടക്കുന്ന കെട്ടിട സമര്‍പ്പണോദ്ഘാടനം എം.ബി രാജേഷ് എം.പി നിര്‍വ്വഹിക്കും. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനാകും. നാട്ടുകല്‍ എസ്.ഐ മുരളീധരന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജ, മുഹമ്മദ് ഇല്ല്യാസ് സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."