ബലി പെരുന്നാള്‍-ഓണം ആഘോഷം മലമ്പുഴയില്‍ റെക്കോര്‍ഡ് വരുമാനം
മലമ്പുഴ: ബക്രീദ്-ഓണത്തോടനുബന്ധിച്ച് മലമ്പുഴ ഉദ്യാനത്തില്‍ വരുമാനത്തില്‍ റെക്കോര്‍ഡ്. ബക്രീദ്, ഉത്രാടം, തിരുവോണം, അവിട്ടം ദിനങ്ങളിലായി 20.60ലക്ഷം രൂപയാണ് ഉദ്യാനത്തില്‍നിന്നുള്ള വരുമാനം. വ്യാഴാഴ്ചയാണ് ഏറ്റവും കൂടുതല്‍ കലക്ഷന്‍ 8.6 ലക്ഷം രൂപ. കഴിഞ്ഞ വര്‍ഷം ഉത്രാടദിനത്തില്‍ നേടിയത് 8.2 ലക്ഷം രൂപയായിരുന്നു വ്യാഴാഴ്ച മറി കടന്നത്. 42,000 സന്ദര്‍ശകര്‍ വ്യാഴാഴ്ച മാത്രം ഉദ്യാനത്തിലെത്തി. തിരുവോണ ദിനത്തില്‍ 30,500 പേര്‍ ഉദ്യാനം സന്ദര്‍ശിച്ചു. 6.80 ലക്ഷം രൂപയായിരുന്നു വരുമാനം.
ഉത്രാടം ദിനത്തില്‍ 26,430 പേര്‍ ഉദ്യാനത്തിലെത്തി. 5.80 ലക്ഷം രൂപയായിരുന്നു അന്നത്തെ വരുമാനം. ജലപ്രശ്‌നവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലേക്ക് പോകാനാകാത്തതു വിനോദ സഞ്ചാരികളെ മലമ്പുഴയിലെത്തിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി ഒട്ടേറെ കലാപരിപാടികളും ബീമര്‍ ലൈറ്റ് ഷോയും ഒരുക്കിയിരുന്നു. ബീമര്‍ ലൈറ്റ് ഷോ ആസ്വദിക്കാന്‍വേണ്ടി മാത്രം അവിട്ടം ദിനത്തില്‍ രാത്രിയോടെ പതിനായിരത്തോളം സന്ദര്‍ശകരാണെത്തിയത്.
വിനോദ സഞ്ചാരികളുടെ കുത്തൊഴുക്കിനെ തുടര്‍ന്ന് മൂന്നു ദിവസങ്ങളിലായി വന്‍ ഗതാഗതക്കുരുക്കാണ് മലമ്പുഴയിലുണ്ടായത്. സന്ദര്‍ശകരുടെ വാഹനത്തിന്റെ നിര ഉദ്യാനത്തിനു നാലു കിലോമീറ്റര്‍ അകലെ മന്തക്കാട് വരെ നീണ്ടു. മലമ്പുഴ, ഹേമാംബിക നഗര്‍, മുട്ടിക്കുളങ്ങര പൊലിസ് ക്യാംപ് എന്നിവിടങ്ങളില്‍നിന്നായി അമ്പതോളം പൊലിസ് ഉദ്യോഗസ്ഥര്‍ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും സുരക്ഷയ്ക്കുമായെത്തിയിരുന്നു.
ഫീഷറീസ് വകുപ്പിന് കീഴിലുള്ള മലമ്പുഴയിലെ മറൈന്‍ അക്വേറിയം, ഡി.ടി.പി.സിയുടെ കീഴിലുള്ള റോക്ക് ഗാര്‍ഡന്‍, വനംവകുപ്പിന് കീഴിലുള്ള പാമ്പുവളര്‍ത്തല്‍ കേന്ദ്രം, റോപ്പ് വേ, ഫാന്റസി പാര്‍ക്ക് എന്നിവിടങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇവിടങ്ങളിലും റെക്കോര്‍ഡ് വരുമാനമാണ് രേഖപ്പെടുത്തിയത്.
ഭക്ഷണം, വെള്ളം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ലഭിക്കാതെ വന്നത് സന്ദര്‍ശകരെ വലച്ചു. ഉദ്യാനത്തിനകത്തും പുറത്തെ ചിലയിടത്തും മാത്രമാണ് കച്ചവട സ്ഥാപനങ്ങളുണ്ടായിരുന്നത്. ഹോട്ടലുകളുടെ കുറവു മൂലം ഒട്ടേറെ സന്ദര്‍ശകര്‍ ഭക്ഷണം ലഭിക്കാതെ വലഞ്ഞു.
കെ.ടി.ഡി.സി ഹോട്ടലിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഹോട്ടലുകളിലെ മുറികളും നേരത്തെ ബുക്കിങ് പൂര്‍ണമായിരുന്നു. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സംവിധാനമുള്ളതിനാല്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള സന്ദര്‍ശകര്‍ക്ക് ക്യൂവില്‍ നില്‍ക്കാതെ തന്നെ ഉദ്യാനത്തിനകത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞത് ഏറെ ആശ്വാസകരമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."