രഞ്ജിത്ത് ചോദിക്കുന്നു; മൈക്കും മുഖ്യമന്ത്രിയും തമ്മിലുള്ള 'പിണക്കം' ഇനി മാറുമോ ?
തിരുവനന്തപുരം: പിണറായി മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നതിൽ സന്തോഷിക്കുന്ന ഒരാളുണ്ട് തലസ്ഥാനത്ത്. മൈക്ക് ഓപറേറ്ററായ രഞ്ജിത്ത്. പിണറായി വിജയനും മൈക്കും തമ്മിലുള്ള 'പിണക്കത്തില്‍' ഏറെ പഴികേള്‍ക്കേണ്ടിവന്ന വ്യക്തിയാണ് രഞ്ജിത്ത്.
2023 ജൂലൈ 24ന് തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളില്‍ കെ.പി.സി.സി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയായിരുന്നു വേദി. പിണറായി സംസാരിക്കുമ്പോള്‍ മൈക്കില്‍ നിന്ന് ഹൗളിങ് കേട്ടു. രഞ്ജിത്തായിരുന്നു മൈക്ക് ഓപറേറ്റര്‍.
മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെട്ടതോടെ സംഭവത്തിൽ കന്റോണ്‍മെന്റ് പൊലിസ് കേസ് കൂടി എടുത്തതോടെ വലിയ വിവാദമായി. സാങ്കേതികപ്രശ്‌നം മാത്രമാണുണ്ടായതെന്നും വയറില്‍ മാധ്യമപ്രവര്‍ത്തകരുടെ ബാഗ് തട്ടിയപ്പോഴാണ് ഹൗളിങ് ഉണ്ടായതെന്നും 10 സെക്കന്‍ഡിനുള്ളില്‍ പ്രശ്‌നം പരിഹരിച്ചതായും രഞ്ജിത്ത് അന്ന് വ്യക്തമാക്കിയെങ്കിലും മൈക്ക് സെറ്റ് പൊലിസ് പിടിച്ചെടുത്തു.
പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ പൊതുസുരക്ഷയില്‍ പരാജയപ്പെടുന്നതോ ആയ ഏതെങ്കിലും പ്രവൃത്തി അറിഞ്ഞുകൊണ്ട് ചെയ്യുന്നവർക്കെതിരേ ഉപയോഗിക്കുന്ന വകുപ്പായിരുന്നു അന്ന് ചുമത്തിയത്. എന്നാല്‍, സംഭവം വിവാദമായതോടെ മുഖ്യമന്ത്രി തന്നെ വിഷയത്തില്‍ ഇടപെട്ട് സുരക്ഷാ പരിശോധനയല്ലാതെ മറ്റൊരു നടപടിയും പാടില്ലെന്ന് പൊലിസിന് നിര്‍ദേശം നല്‍കുകയായിരുന്നു. പിന്നാലെ പൊലിസ് പിടിച്ചെടുത്ത ആംപ്ലിഫയര്‍ ഉള്‍പ്പെടെയുള്ള മൈക്ക് സെറ്റ് ഉടമയ്ക്ക് തിരിച്ചുനല്‍കുകയും ചെയ്തു.
ഈ സംഭവത്തിന് ശേഷം നിരവധിതവണ പിണറായിയും മൈക്കും തമ്മിലുള്ള പിണക്കം തുടര്‍ന്നു. ഒരുതവണ മൈക്കും ഞാനും തമ്മില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് തമാശരൂപേണ പിണറായിക്ക് സമ്മതിക്കേണ്ട സാഹചര്യവുമുണ്ടായി. എന്നാല്‍, ആദ്യസംഭവത്തിലെ ഇരയായ രഞ്ജിത്തിന് സൈബറാക്രമണം വരെ നേരിടേണ്ടിവന്നിരുന്നു. രണ്ടുപതിറ്റാണ്ടോളം മൈക്ക് ഓപറേറ്റര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ കരിനിഴലായിരുന്നു 2023ലുണ്ടായത്. പിണറായി മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും ചെയ്യാത്ത തെറ്റിനാണ് തന്നെ ഉപദ്രവിച്ചതും കോടതി കയറ്റിയതുമെന്നും രഞ്ജിത്ത് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."