തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് അഭിനന്ദനങ്ങളുമായി പിണറായി വിജയൻ; 'ജനവിധി വലിയ ഉത്തരവാദിത്തമെന്ന്' ഓർമ്മപ്പെടുത്തൽ
തിരുവനന്തപുരം: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്ക് അഭിനന്ദനങ്ങളുമായി കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്. തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് വിജയ് മുഖ്യമന്ത്രി പദവിയിൽ എത്തുന്നത്.
ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ നൽകുന്ന വിധി വലിയ ഉത്തരവാദിത്വമാണ്. തമിഴ്നാട്ടിലെ ജനങ്ങൾ താങ്കളിൽ അർപ്പിച്ച വിശ്വാസം, സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഭരണമായി മാറുമെന്ന് പ്രത്യാശിക്കുന്നുവെന്നും പിണറായി ആശംസകുറിപ്പിൽ എഴുതി.
അതേസമയം, കേരളവും തമിഴ്നാടും ദീർഘകാല സൗഹൃദവും സഹകരണവും പങ്കിടുന്ന സംസ്ഥാനങ്ങളാണെന്നും, ഫെഡറൽ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്നതിനും ഇരു സംസ്ഥാനങ്ങളിലെ ജനങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാനാകുമെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."