നഗരത്തിലെ കാനയില്‍ മാലിന്യം കെട്ടിക്കിടക്കുന്നു
വടക്കാഞ്ചേരി: മാലിന്യ നിര്‍മാര്‍ജന രംഗത്ത് സര്‍വശുദ്ധി പദ്ധതി നടപ്പിലാക്കുന്ന വടക്കാഞ്ചേരി നഗരസഭയില്‍ മാരക രോഗങ്ങള്‍ പരത്തുന്ന കേന്ദ്രമായി ഓട്ടുപാറ ബസ്സ്റ്റാന്റ് പരിസരത്തെ കാനകള്‍.
മനുഷ്യവിസര്‍ജ്യമടക്കം കാനയില്‍ കെട്ടികിടന്ന് ദുര്‍ഗന്ധം പരക്കുകയാണ്. ഇത് മൂലം മേഖലയിലെ വ്യാപാരികള്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്നവര്‍ക്കും മൂക്ക് പൊത്തിയല്ലാതെ നഗരത്തിലൂടെ സഞ്ചരിക്കാനാവാത്ത അവസ്ഥയാണ്.
വിവിധ ഹോട്ടലുകളിലേയും വ്യാപാര സ്ഥാപനങ്ങളിലേയും മലിന ജലം കാനകളില്‍ കെട്ടിക്കിടക്കുന്നതാണ് കടുത്ത പ്രതിസന്ധിക്ക് വഴിവെക്കുന്നത്. കാനകള്‍ മുഴുവന്‍ അടഞ്ഞ് കിടക്കുകയാണ്. ഈ പ്രശ്‌നം നിരവധി തവണ നഗരസഭ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഒരു നടപടിയും ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് ജനങ്ങള്‍ പറയുന്നു. സര്‍വശുദ്ധിയുടെ പേരില്‍ വലിയ പ്രചരണ കോലാഹലം നടത്തുന്ന നഗരസഭയ്ക്ക് ഇത് വലിയ നാണക്കേടാണെന്നും ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."