സി.സി.ടി.വി ചതിച്ചാശാനേ! 'വാടാനപ്പള്ളിയിൽ കെ.സി നയിക്കട്ടെ' ബോർഡിൽ വൻ ട്വിസ്റ്റ്; വെച്ചത് കോൺഗ്രസുകാരല്ല, സി.പി.എമ്മുകാരൻ
തൃശൂർ: കോൺഗ്രസിനുള്ളിലെ തർക്കം മുതലെടുക്കാൻ 'കെ.സി. വേണുഗോപാൽ അനുകൂല' ബോർഡ് സ്ഥാപിച്ച സംഭവത്തിൽ വൻ ട്വിസ്റ്റ്. വാടാനപ്പള്ളി പഞ്ചായത്ത് ഓഫിസിന് മുന്നിൽ 'കെ.സി നയിക്കട്ടെ' എന്ന ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത് സി.പി.എം പ്രവർത്തകനാണെന്ന് തെളിഞ്ഞു. സി.പി.എം പ്രവർത്തകൻ അരവശ്ശേരി മുഹമ്മദ് ബോർഡുമായി പോകുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കള്ളക്കളി പൊളിഞ്ഞത്.
കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് വാടാനപ്പള്ളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ കെ.സി. വേണുഗോപാലിന്റെ ചിത്രം പതിച്ച ബോർഡ് പ്രത്യക്ഷപ്പെട്ടത്. "കെ.സി നയിക്കട്ടെ" എന്നും താഴെ "സേവ് കോൺഗ്രസ്" എന്നും രേഖപ്പെടുത്തിയ ബോർഡ് കണ്ട് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആദ്യം അമ്പരന്നു. പാർട്ടിയിൽ ഭിന്നതയുണ്ടാക്കാൻ ആരോ മനഃപൂർവം ചെയ്ത പണിയാണെന്ന സംശയത്തിൽ കോൺഗ്രസ് പ്രവർത്തകർ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു.
പരിശോധനയിൽ, തലയിൽ വലിയൊരു ഫ്ലക്സ് ബോർഡുമായി റോഡ് കുറുകെ കടന്നു വരുന്ന ഒരാളെ കണ്ടെത്തി. സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് അത് വാടാനപ്പള്ളിയിലെ സജീവ സി.പി.എം പ്രവർത്തകനായ അരവശ്ശേരി മുഹമ്മദാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ സി.പി.എമ്മിന്റെ 'സേവ് കോൺഗ്രസ്' തന്ത്രം പാളുകയായിരുന്നു.
പിടിക്കപ്പെട്ട മുഹമ്മദ് വെറുമൊരു പ്രവർത്തകനല്ലെന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മണലൂരിലെ ഇടതു സ്ഥാനാർഥി സി. രവീന്ദ്രനാഥിനായി സ്വന്തം കാറിൽ ചിത്രം പതിപ്പിച്ച് പ്രചാരണം നടത്തിയ വ്യക്തിയാണിത്. ഇദ്ദേഹത്തിന്റെ ഭാര്യ സി.പി.എം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവും പട്ടലങ്ങാടി ബ്ലോക്ക് മെമ്പറുമാണ്.
പ്രതിഷേധവുമായി കോൺഗ്രസ്
കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ചേരിതിരിവുണ്ടാക്കാനും തമ്മിലടിപ്പിക്കാനുമുള്ള സി.പി.എമ്മിന്റെ ആസൂത്രിത നീക്കമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വാടാനപ്പള്ളിയിൽ പ്രകടനം നടത്തി. സോഷ്യൽ മീഡിയയിലും സി.സി.ടി.വി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
A political stunt backfired in Vadanappally, Thrissur, when CCTV footage revealed a CPM worker placing "pro-Congress" posters. The board, which featured leader K.C. Venugopal with the slogan "Let KC Lead" and "Save Congress," appeared overnight in front of the Vadanappally Panchayat office, initially suggesting internal friction within the Congress party.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."