കണ്ടല്‍കാട് മണ്ണിട്ടുമൂടി
തലശ്ശേരി:കുയ്യാലിയില്‍ ഏക്കര്‍ കണക്കിന് കണ്ടല്‍കാടുകള്‍ നശിപ്പിച്ചുകൊണ്ട് കൈത്തോട് മണ്ണിട്ട് മൂടി. കുയ്യാലി എം.സി എന്‍ക്ലേവിന് പിറകിലെ കൈത്തോടാണ് മണ്ണിട്ട് മൂടിയത്. ഏക്കര്‍ കണക്കിന് സ്ഥലം മണ്ണിട്ടുനികത്താനാണ് സ്വകാര്യ വ്യക്തിയുടെ ശ്രമം. ഓണം-ബക്രീദ് ഉള്‍പ്പെടെയുള്ള കൂട്ട അവധി ദിനങ്ങള്‍ക്കിടെ ആരും ശ്രദ്ധിക്കില്ലെന്നു കണ്ടാണ് രണ്ടു ദിവസമായി മണ്ണിടല്‍ നടക്കുന്നത്. നിരവധി ടിപ്പര്‍ ലോറികളില്‍ ഇവിടേക്ക് മണ്ണ് കൊണ്ടിറക്കുന്നത് തുടരുകയാണ്. കുയ്യാലിപ്പുഴയോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ കൈത്തോട് മണ്ണിട്ട് മൂടുന്നതിനെത്തുടര്‍ന്ന് പ്രദേശത്ത് ഇടതൂര്‍ന്ന് വളര്‍ന്ന കൂറ്റന്‍ കണ്ടല്‍ കാടുകള്‍ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടുകഴിഞ്ഞു. കെട്ടിടം നിര്‍മ്മിക്കാന്‍ പാകത്തില്‍ സ്ഥലം മണ്ണിട്ട് ഉയര്‍ത്താനാണ് സ്വകാര്യ വ്യക്തിയുടെ നീക്കം. അനധികൃതമായി കണ്ടല്‍കാടുകള്‍ നശിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് പരിസ്ഥിതി സ്‌നേഹികള്‍ ഇതിനെ രംഗത്തെത്തിയിട്ടുണ്ട്. കണ്ടല്‍കാടുകള്‍ നശിപ്പിച്ചും ജലസ്രോതസ്സ് മണ്ണിട്ട് നികത്തിയും പരിസ്ഥിതിക്ക് ഭീഷണിയുയര്‍ത്തുന്ന നടപടിക്കെതിരേ കര്‍മസമിതി രൂപീകരിച്ച് പ്രക്ഷോഭം നടത്താനുള്ള തയാറെടുപ്പിലാണ് പരിസ്ഥിതി സ്‌നേഹികള്‍. എന്നാല്‍ ഇക്കാര്യം റവന്യൂ അധികൃതരോ, വനംവകുപ്പ് ഉദ്യോഗസ്ഥരോ അറിഞ്ഞിട്ടില്ലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."