'പെൺകുട്ടികൾക്ക് എന്തിനാണ് വിദ്യാഭ്യാസം? അവർ വീടിനുള്ളിൽ ഇരിക്കുന്നതാണ് ഭംഗി'; വിവാദ പ്രസ്താവനയുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി
പട്‌ന: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെയും സാമൂഹിക പങ്കാളിത്തത്തെയും അധിക്ഷേപിച്ച് ബിഹാർ വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരി. പെൺകുട്ടികൾ വീടിനുള്ളിൽ ഇരിക്കുന്നതാണ് ഭംഗിയെന്നും അവർക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ലെന്നുമാണ് മന്ത്രി പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. രാജ്യത്തെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെ പരിഹസിക്കുന്നതാണ് മന്ത്രിയുടെ നിലപാടെന്ന വിമർശനം ഇതിനകം ശക്തമായിക്കഴിഞ്ഞു.
"എന്തിനാണ് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം? അതിന്റെ ആവശ്യമെന്താണ്? നമ്മുടെ പെൺമക്കൾ വീടിന്റെ ഐശ്വര്യവും ശക്തിയുമാണ്. അവർ വീടിനുള്ളിൽ ഇരിക്കുന്നതാണ് ഭംഗി. നരേന്ദ്ര മോദിജി സ്ത്രീ ശാക്തീകരണത്തിന് വേണ്ടി നിലകൊള്ളുമ്പോൾ പെൺമക്കൾ എന്തിനാണ് തെരുവിലിറങ്ങുന്നത്?" എന്നും മന്ത്രി വിമർശിച്ചു
വിദ്യാഭ്യാസം പെൺകുട്ടികളുടെ മൗലികാവകാശമാണെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, "അവകാശമൊക്കെ തനിയെ വന്നുകൊള്ളും" എന്നായിരുന്നു മന്ത്രിയുടെ നിരുത്തരവാദപരമായ മറുപടി.
മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ പ്രതിഷേധമാണ് ഇരമ്പുന്നത്. സാക്ഷരതാ നിരക്കിൽ പിന്നിൽ നിൽക്കുന്ന ബിഹാറിൽ, ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളെ അടുക്കളയിലേക്ക് തിരിച്ചയയ്ക്കാനാണോ സർക്കാർ ലക്ഷ്യമിടുന്നതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചോദിക്കുന്നു.
സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന ബിജെപി സർക്കാരിന്റെ ഇരട്ടത്താപ്പാണ് മന്ത്രിയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഇന്ത്യയെ തകർക്കാൻ പുറത്തുനിന്നുള്ള ശത്രുക്കളുടെ ആവശ്യമില്ലെന്നും ഇത്തരം ചിന്താഗതിക്കാരായ ഭരണാധികാരികൾ മതിയെന്നുമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന പ്രധാന വിമർശനം. ബിഹാറിന്റെ വിദ്യാഭ്യാസ മേഖലയെ കൂടുതൽ തളർത്തുന്നതാണ് പുതിയ മന്ത്രിയുടെ ഈ സ്ത്രീവിരുദ്ധ നിലപാടെന്ന് പ്രമുഖർ ചൂണ്ടിക്കാട്ടി.
Bihar Education Minister Mithilesh Tiwari has sparked widespread outrage by stating that girls do not need education and should stay at home.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."