തെറ്റുപറ്റി... മാപ്പാക്കണം; പിടിക്കപ്പെടുമെന്ന ഭീതിയിൽ കവർന്ന 10 പവനിൽ എട്ട് പവൻ തിരികെ നൽകി മാപ്പപേക്ഷിച്ച് മോഷ്ടാവ്
ഗുരുവായൂര്‍: ഡോക്ടര്‍ ദമ്പതികളുടെ വസതിയില്‍നിന്ന് 10 പവൻ കവർന്ന മോഷ്ടാവ് പിടിക്കപ്പെടുമെന്നായപ്പോൾ ഇതിൽ എട്ട് പവൻ തിരികെ വീട്ടിൽ കൊണ്ടുവച്ചു. കൂടെ, തെറ്റു പറ്റിയെന്നും കേസ് പിൻവലിക്കണമെന്ന കത്തും.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് അരിയന്നൂര്‍ പോക്കാക്കില്ലത്ത് ഡോ. കുഞ്ഞുമുഹമ്മദിന്റെ വീട്ടില്‍ മോഷണം നടന്നത്. വീട്ടിലുള്ളവര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ മോഷ്ടാവ് ഒന്നാം നിലയിലെ വാതിലിലൂടെ അകത്തുകടന്നാണ് കവര്‍ച്ച നടത്തിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചു പൊലിസ് വിശദാന്വേഷണം നടത്തിയതോടെ മോഷ്ടാവിനെക്കുറിച്ച് സൂചന കിട്ടി. പിടിക്കപ്പെടുമെന്നായ സാഹചര്യത്തില്‍ ഇതിൽ എട്ട് പവന്‍ തിരികെ നല്‍കി മാപ്പിരക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി 12.45ഓടെ നടന്ന മോഷണം വീട്ടുകാര്‍ അറിഞ്ഞത് ഒരു ദിവസം കഴിഞ്ഞ് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു. ഡോ. കുഞ്ഞുമുഹമ്മദും മകള്‍ ഡോ. ബുഷറയും മരുമകന്‍ ഡോ. അബൂബക്കര്‍ റാഫിയും രണ്ട് മക്കളുമാണ് വീട്ടില്‍ താമസിക്കുന്നത്. ഒളരി ഇ.എസ്.ഐ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ. ബുഷറ യാത്രാആവശ്യത്തിനായി ശനിയാഴ്ച പുലര്‍ച്ചെ ആഭരണങ്ങള്‍ എടുക്കാന്‍ അലമാര തുറന്നപ്പോഴാണ് ഇവ നഷ്ടപ്പെട്ടതറിഞ്ഞത്. സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മോഷണദൃശ്യങ്ങള്‍ കണ്ടത്. ചുവപ്പ് ടീ ഷര്‍ട്ട് ധരിച്ച മോഷ്ടാവ് മുഖം മറയ്ക്കാതെയാണ് എത്തിയത്. പൊലിസില്‍ പരാതിയും നല്‍കി. തിങ്കളാഴ്ച രാവിലെയാണ് വീടിന് പുറകില്‍ നിന്ന് സ്വര്‍ണവും മാപ്പപേക്ഷ അടങ്ങുന്ന സഞ്ചിയും കണ്ടെത്തിയതെന്ന് ഡോ. റാഫി പറഞ്ഞു. സഞ്ചി തുറന്ന് പരിശോധിച്ചപ്പോള്‍ ഒരു മാലയും കമ്മലും ഒഴിച്ച് മോഷണം പോയ മറ്റെല്ലാ ആഭരണങ്ങളും ഉണ്ടായിരുന്നു. ആഭരണങ്ങള്‍ക്കൊപ്പമുള്ള കത്തില്‍ തനിക്ക് തെറ്റ് പറ്റിയതാണെന്നും കേസ് പിന്‍വലിക്കണമെന്നുമുള്ള അഭ്യര്‍ഥനയുണ്ട്. രണ്ട് പവന്റെ ആഭരണങ്ങള്‍ വിറ്റുപോയെന്നും മലയാളത്തില്‍ എഴുതിയ മാപ്പപേക്ഷയിലുണ്ട്. കത്ത് പൊലിസിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."