നീറ്റ് പരീക്ഷാ തട്ടിപ്പ്: മഹാരാഷ്ട്ര കേന്ദ്രീകരിച്ച് വൻ ഗൂഢാലോചന; യുവതിയടക്കം കൂടുതൽ പേർ പിടിയിൽ
ന്യൂഡൽഹി/പുണെ: രാജ്യം ഉറ്റുനോക്കുന്ന നീറ്റ് യു.ജി (NEET-UG 2026) പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഊർജിതമാക്കി സി.ബി.ഐ. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പുണെയിൽ നിന്ന് ഒരു യുവതിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. ബിബ്വേവാദിയിൽ നിന്ന് പിടികൂടിയ ഇവരെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം സി.ബി.ഐക്ക് കൈമാറി. പരീക്ഷാ തട്ടിപ്പിൽ ഇവരുടെ കൃത്യമായ പങ്കെന്താണെന്ന് വെളിപ്പെടുത്താൻ പുണെ പൊലിസ് കമ്മീഷണർ അമിതേഷ് കുമാർ തയ്യാറായിട്ടില്ല.
ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് അറസ്റ്റിലായ ശുഭം ഖൈർനാർ എന്ന വിദ്യാർഥിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 2021-ൽ ബി.എ.എം.എസ് (Bachelor of Ayurveda, Medicine, and Surgery) കോഴ്സിന് പ്രവേശനം നേടിയ ഇയാൾ, ഒരു ദിവസം പോലും ക്ലാസിൽ ഹാജരായിട്ടില്ലെന്ന് സർവകലാശാല അധികൃതർ സ്ഥിരീകരിച്ചു.
ടെലഗ്രാം വഴി 10 ലക്ഷം രൂപയ്ക്കാണ് ശുഭം ചോദ്യപേപ്പർ കൈക്കലാക്കിയത്. പിന്നീട് ഹരിയാന സ്വദേശിക്ക് 15 ലക്ഷം രൂപയ്ക്ക് ഇയാൾ ഈ ചോദ്യപേപ്പർ മറിച്ചുവിറ്റു. രാജസ്ഥാൻ പൊലിസിന്റെയും കേന്ദ്ര ഏജൻസികളുടെയും നിരീക്ഷണത്തിലായിരുന്ന ഇയാളെ നാസിക് ക്രൈംബ്രാഞ്ചാണ് ആദ്യം കസ്റ്റഡിയിലെടുത്തത്.
നാസിക്കിലെ പ്രിന്റിങ് പ്രസ്സിൽ നിന്നാണ് ചോർച്ചയുണ്ടായതെന്ന് ആദ്യം സംശയിച്ചിരുന്നെങ്കിലും, അവിടെ പരീക്ഷാ പേപ്പറുകൾ അച്ചടിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ ഉറവിടത്തെക്കുറിച്ചുള്ള ദുരൂഹത തുടരുകയാണ്. എങ്കിലും തട്ടിപ്പിന്റെ ആസൂത്രണം നടന്നത് നാസിക്കിലാണെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. ഇവിടെ നിന്ന് ഹരിയാന, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജസ്ഥാൻ, ഡൽഹി, ജമ്മു കശ്മീർ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലേക്ക് ചോദ്യപേപ്പർ എത്തിയിട്ടുണ്ട്.
മെയ് ഒന്നിന് രാജസ്ഥാനിലെ സിക്കാറിൽ പ്രചരിച്ച മാതൃകാ ചോദ്യപേപ്പറിലെ 140 ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറുമായി ഒത്തുപോയതാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.
അനിശ്ചിതത്വത്തിൽ 22 ലക്ഷം വിദ്യാർഥികൾ
ക്രമക്കേട് വ്യക്തമായതോടെ മെയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ നാഷണൽ ടെസ്റ്റിങ് ഏജൻസി (NTA) റദ്ദാക്കിയിരുന്നു. ഇതോടെ പരീക്ഷ എഴുതിയ 22 ലക്ഷത്തോളം വിദ്യാർഥികളും അവരുടെ കുടുംബങ്ങളും കടുത്ത ആശങ്കയിലാണ്. പുനഃപരീക്ഷാ തീയതി, പരീക്ഷാ കേന്ദ്രങ്ങൾ, കൗൺസിലിങ് സമയക്രമം എന്നിവയെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകൾക്കായി രാജ്യം കാത്തിരിക്കുകയാണ്. സംഭവത്തിൽ ഇതുവരെ അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി ഒമ്പതുപേർ അറസ്റ്റിലായിട്ടുണ്ട്.
Following the massive NEET-UG 2026 paper leak, the CBI has intensified its investigation, leading to the arrest of a woman in Pune and a BAMS student in Nashik. The student, Shubham Khairnar, allegedly purchased the leaked paper via Telegram for ₹10 lakh and resold it for ₹15 lakh.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."