മുഖ്യമന്ത്രിയെ കാത്ത് കേരളം, പ്രഖ്യാപനം ഉടൻ ? ഡൽഹിയിൽ ഖാർഗെ-രാഹുൽ കൂടിക്കാഴ്ച അവസാനിച്ചു
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി പദവി സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് വിരാമം കുറിക്കാൻ മണിക്കൂറുകൾ മാത്രം. ഡൽഹിയിൽ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായുള്ള എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നടത്തുന്ന നിർണായക കൂടിക്കാഴ്ച അവസാനിച്ചു. ഖാർഗെയുടെ വസതിയിലാണ് ഹൈക്കമാൻഡ് തലത്തിലുള്ള സുപ്രധാന ചർച്ച നടന്നിരുന്നത്. യോഗം കഴിഞ്ഞ് രാഹുൽ ഗാന്ധി മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നിന്ന് പുറത്തേക്ക് തിരിച്ചു. മുക്കാൽ മണിക്കൂറോളം ചർച്ച നീണ്ടുനിന്നു. ഹൈക്കമാൻഡ് ഒരു പേരിലേക്ക് എത്തിയതായും ഏതാനും മണിക്കൂറുകൾക്കകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് സൂചന.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് മുന്നോടിയായി ഘടകകക്ഷികളെ വിശ്വാസത്തിലെടുക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് രംഗത്തിറങ്ങി. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി സോണിയ ഗാന്ധി ഫോണിൽ സംസാരിച്ചു. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകണമെന്ന ഉറച്ച നിലപാടാണ് ലീഗ് ഹൈക്കമാൻഡിനെ അറിയിച്ചിരിക്കുന്നത്. ഭൂരിഭാഗം എം.എൽ.എമാരുടെ പിന്തുണയും പൊതുജന വികാരവും സതീശന് അനുകൂലമാണെന്ന് ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടി.
മുതിർന്ന നേതാവ് എ.കെ. ആന്റണിയുമായി സോണിയ ഗാന്ധി ആശയവിനിമയം നടത്തിക്കഴിഞ്ഞു. ആന്റണിയുടെ നിലപാട് തീരുമാനത്തിൽ നിർണായകമാകും. മുഖ്യമന്ത്രി പദത്തിനായി ഗ്രൂപ്പ് അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയയിലും തെരുവിലും നടക്കുന്ന പ്രചാരണങ്ങളിൽ രാഹുൽ ഗാന്ധി അതൃപ്തി പ്രകടിപ്പിച്ചു. കേരളത്തിലെ പൊതുവികാരം പ്രിയങ്ക ഗാന്ധി രാഹുലിനെ ധരിപ്പിച്ചു. ഘടകകക്ഷികളുടെ താൽപര്യം കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം.
അതേസമയം കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഇന്ന് തിരുവനന്തപുരത്തെത്തും എന്ന് അറിയിച്ചിരുന്നെങ്കിലും യാത്ര റദ്ദാക്കിയതായാണ് വിവരം.
കഴിഞ്ഞ ദിവസം കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി നടത്തിയ ചർച്ചയിൽ ഭൂരിഭാഗം പേരും കെ.സി. വേണുഗോപാലിന്റെ പേരാണ് നിർദേശിച്ചത് എന്നാണ് സൂചന. സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങൾ സ്വാഭാവികമല്ലെന്നും ചില കേന്ദ്രങ്ങൾ ആസൂത്രണം ചെയ്തതാണെന്നും നേതാക്കൾ ഹൈക്കമാൻഡിനെ ധരിപ്പിച്ചു. പ്രതിഷേധങ്ങൾ പെട്ടെന്ന് അവസാനിച്ചത് ഇതിന് തെളിവാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. ഭരണസ്തംഭനം ഒഴിവാക്കാൻ എത്രയും വേഗം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കണമെന്നും കേരളത്തിലെ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.
സതീശനായി ലീഗ്; ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്ത് യുഡിഎഫ്
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണയ്ക്കണമെന്ന ഉറച്ച നിലപാടിലാണ് മുസ്‌ലിം ലീഗ്. പാണക്കാട് ചേർന്ന നിർണായക നേതൃയോഗത്തിന് ശേഷമാണ് ലീഗ് നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസ് ഹൈക്കമാൻഡ് ഔദ്യോഗിക തീരുമാനം അറിയിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
കേരളത്തിൽ നിന്നുള്ള വർക്കിങ് പ്രസിഡന്റുമാർ, മുൻ കെപിസിസി അധ്യക്ഷന്മാർ എന്നിവരെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ചർച്ചകൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ, ഇന്നത്തെ പ്രഖ്യാപനം സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായകമാകും.
"The race for the Kerala Chief Minister's post has reached its final stage as Congress President Mallikarjun Kharge and Rahul Gandhi hold a high-level meeting in Delhi today.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."