പറമ്പത്തുകാര്‍ക്ക് നഷ്ടമായത് ബാങ്കുവിളിയുടെ ശബ്ദമാധുര്യം
തലക്കുളത്തൂര്‍: ബാങ്കുവിളിയുടെ മാധുര്യവും ആത്മീയതയും തന്റെ ശബ്ദത്തിലൂടെ വിശ്വാസികള്‍ക്കു പതിറ്റാണ്ടുകളോളം പകര്‍ന്നുനല്‍കിയ പറമ്പത്ത് തട്ടാരിയില്‍ സി.ടി അബ്ദുല്ല ഹാജി ഇനി ഓര്‍മകളില്‍. പറമ്പത്ത് ജുമുഅത്ത് പള്ളിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു അബ്ദുല്ല ഹാജി. സമസ്തയുടെ ആശയാദര്‍ശങ്ങളില്‍ ഉറച്ചുവിശ്വസിച്ച ഹാജി ദീര്‍ഘകാലം പറമ്പത്ത് മഹല്ല് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മഹല്ലിലെ അഭിപ്രായ വ്യത്യാസങ്ങളില്‍ തന്റേതായ നിലപാടുകള്‍ കാര്‍ക്കശ്യമായി അവതരിപ്പിച്ചു പരിഹാരമുണ്ടാക്കാന്‍ അബ്ദുല്ല ഹാജി മുന്‍പന്തിയിലുണ്ടായിരുന്നു. പഴയകാല മുസ്‌ലിം ലീഗ് നേതാവും പൗരപ്രമുഖനുമായ അദ്ദേഹം ജില്ലാ മുസ്‌ലിം ലീഗ് കൗണ്‍സില്‍ അംഗം, നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചുമട്ടുതൊഴിലാളിയായി പ്രവര്‍ത്തിച്ചിരുന്ന ഹാജിയെ നാട്ടുകാര്‍ 'കാരണവര്‍' എന്നാണു വിളിക്കാറ്. മുസ്‌ലിം ലീഗിന്റെ പരിപാടികളില്‍ പച്ചക്കൊടിയുമായെത്തി മുന്‍നിരയില്‍ തന്നെ ഈ വെള്ളത്തലപ്പാവുകാരന്‍ സാന്നിധ്യം അറിയിക്കും.
കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ തുടങ്ങിയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇന്നലെ വൈകിട്ടു നടന്ന അനുശോചന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി. പ്രകാശന്‍ മാസ്റ്റര്‍ അധ്യക്ഷനായി. എം.പി ഫൈസല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍, എം.കെ രാഘവന്‍ എം.പി, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, മുന്‍ മന്ത്രി പി.കെ.കെ ബാവ, എം.സി മായിന്‍ ഹാജി തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."