ചെരുപ്പുനിര്‍മാണ കമ്പനിയില്‍ നിന്ന് തണ്ണീര്‍ത്തടത്തിലേക്ക് മലിനജലം ഒഴുക്കുന്നതിനെതിരേ വന്‍ പ്രതിഷേധം
ഫറോക്ക്: കൊളത്തറ റഹ്മാന്‍ ബസാറില്‍ ചെരുപ്പു നിര്‍മാണ കമ്പനിയില്‍ നിന്നു മലിനജലം സമീപത്തെ തണ്ണീര്‍ത്തടത്തിലേക്ക് ഒഴുക്കിവിടുന്നതിനെതിരേ വ്യാപക പ്രതിഷേധം. കൊളത്തറ റോഡിലെ എ.ആന്‍.പി ഫൂട്‌വെയര്‍ ക്രാഫ്റ്റ് ആന്‍ഡ് ഡിസൈന്‍ എന്ന സ്ഥാപനത്തിലെ മലിനജലമാണു ജനവാസ കേന്ദ്രത്തിലേക്കും പാതയോരത്തെ വിശാലമായ തണ്ണീര്‍ത്തടത്തിലേക്കും പമ്പ് ചെയ്യുന്നത്.
ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശി നിഹാല്‍ സിങ്ങിന്റെ ഉടമസ്ഥതയിലുള്ളതാണു സ്ഥാപനം. രണ്ടു വര്‍ഷമായി നടത്തിവരുന്ന പാദരക്ഷ അപ്പര്‍ സ്റ്റിച്ചിങ് യൂനിറ്റില്‍ 50ഓളം ഇതരസംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ താമസിക്കുന്നത് കമ്പനിയോടു ചേര്‍ന്നുള്ള ഷെഡ്ഡുകളിലാണ്. തകരഷീറ്റ് കൊണ്ടു നിര്‍മിച്ച ഏതാനും കുടുസു മുറികളിലാണു തൊഴിലാളികള്‍ കഴിയുന്നത്. ഇവിടെ എല്ലാവര്‍ക്കും കൂടി പൊളിഞ്ഞുവീഴാറായ മൂന്നു ശുചിമുറികളാണ് ആകെയുള്ളത്.
ഇത്രയേറെ തൊഴിലാളികള്‍ ഉപയോഗിക്കുന്ന ശുചിമുറികളില്‍ നിന്നുളള മലിനജലം കമ്പനിവളപ്പിലെ സംഭരണിയില്‍ നിന്നു രാത്രിയില്‍ ഓവുചാല്‍ വഴി പാതയോരത്തെ ഓടയിലേക്കാണ് ഒഴുക്കിവിടുന്നത്. റോഡിനു മറുവശത്തുള്ള ഏക്കര്‍ കണക്കിനു വിശാലമായ തണ്ണീര്‍ത്തടത്തിലാണു മലിനജലമെത്തുന്നത്. സമീപത്തെ നൂറുകണക്കിനു കുടുംബങ്ങള്‍ ആശ്രയിക്കുന്ന ഈ തണ്ണീര്‍ത്തടം മലിനമാക്കുന്നതിനെതിരേയാണു നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയത്.
വിഷയത്തില്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് കമ്പനിയിലെത്തിയ നാട്ടുകാര്‍ ഉടമകള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."