മന്ത്രിസഭയിലും പാർട്ടിയിലും പിടിമുറുക്കാൻ കെ.സി പക്ഷം
കോഴിക്കോട്: മുഖ്യമന്ത്രിസ്ഥാനം നഷ്ടമായതിന് പിന്നാലെ മന്ത്രിസഭയിലും പാർട്ടിയിലും പിടിമുറുക്കാൻ കെ.സി വേണുഗോപാൽ. തനിക്കൊപ്പം നിൽക്കുന്ന എട്ടുപേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ധനകാര്യം, റവന്യൂ, ആരോഗ്യം, ടൂറിസം ഉൾപ്പെടെയുള്ള പ്രധാന വകുപ്പുകൾക്കായും സമ്മർദം ശക്തമാക്കി. കോൺഗ്രസ് മന്ത്രിമാരുടെ പട്ടികയ്ക്ക് അന്തിമരൂപം നൽകുന്നതിനായുള്ള ചർച്ചയ്ക്ക് കെ.സി വേണുഗോപാൽ നേരിട്ടെത്തിയത് ഈ ലക്ഷ്യംകൂടി മുൻനിർത്തിയാണ്. കോൺഗ്രസ് ദേശീയനേതൃത്വത്തിന്റെ പ്രഖ്യാപനത്തിന് തൊട്ടുമുമ്പുവരെ വേണുഗോപാൽ മുഖ്യമന്ത്രിയാവുമെന്ന് കെ.സി പക്ഷത്തെ പല നേതാക്കളും ഉറപ്പിച്ചിരുന്നു.
പ്രതീക്ഷകൾക്ക് വിരുദ്ധമായി വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ കെ.സിക്കൊപ്പം നിൽക്കുന്നവർ അമർഷത്തിലാണ്. ഇവരെ അനുനയിപ്പിക്കാനും കൂടെനിർത്താനും കൂടുതൽ മന്ത്രിമാരെ നേടിയെടുക്കാനാണ് വേണുഗോപാലിന്റെ ശ്രമം. സീനിയർ എം.എൽ.എമാരിൽ ഭൂരിഭാഗം അദ്ദേഹത്തിനൊപ്പം നിൽക്കുന്നവരായതിനാൽ ആരെയെല്ലാം ഉൾപ്പെടുത്തണമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. എന്നാൽ, മുഖ്യമന്ത്രി തർക്കത്തിൽ തനിക്കൊപ്പം ഉറച്ചുനിന്ന സണ്ണി ജോസഫ്, എ.പി അനിൽകുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി വിഷ്ണുനാഥ്, ടി. സിദ്ദീഖ് എന്നിവരെ മന്ത്രിയാക്കണമെന്ന് അദ്ദേഹം ശക്തമായി വാദിക്കുന്നു. കെ.സി പക്ഷത്തിന്റെ മാനേജറായി അറിയപ്പെടുന്ന എ.പി അനിൽകുമാറിന് പ്രധാന വകുപ്പ് വാങ്ങിയെടുക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. സാമുദായിക സന്തുലനത്തിന്റെ പേരിൽ അവസാനഘട്ട ചർച്ചയിൽ ചിലർ ഒഴിവാക്കപ്പെടാമെങ്കിലും തനിക്കൊപ്പമുള്ള പരമാവധി പേരെ മന്ത്രിസഭയിലെത്തിക്കാനുള്ള തന്ത്രങ്ങളുമായാണ് വേണുഗോപാൽ തിരുവനന്തപുരത്തെത്തിയത്.
കോൺഗ്രസ് രാഷ്ട്രീയത്തിലെ പരമ്പരാഗത എ, ഐ ഗ്രൂപ്പുകൾ അപ്രസക്തമാവുകയും കെ.സി വേണുഗോപാൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ മുൻനിരയിൽ എത്തുകയും ചെയ്തതോടെയാണ് കേരളത്തിൽ അദ്ദേഹത്തിന്റെ പേരിൽ ഗ്രൂപ്പ് രൂപപ്പെടുന്നത്. പഴയ മൂന്നാം ഗ്രൂപ്പിലും കരുണാകരൻ വിഭാഗത്തിലുമായി ചിതറിക്കിടന്ന പലരെയും ഒപ്പം കൂട്ടിയായിയിരുന്നു ഈ നീക്കം. ഡി.ഐ.സിയിൽ നിന്ന് തിരികെയെത്തി വർഷങ്ങൾ കഴിഞ്ഞിട്ടും കാര്യമായ പരിഗണന കിട്ടാതിരുന്നവരും പതിയെ ഈ കൂട്ടായ്മയുടെ ഭാഗമായി.
കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നപ്പോൾ സഹഭാരവാഹികളായിരുന്ന പലരെയും കൂടെനിർത്താൻ വേണുഗോപാലിന് കഴിഞ്ഞു. ഉമ്മൻചാണ്ടിയുടെ മരണത്തോടെ എ ഗ്രൂപ്പിൽ ഉണ്ടായ ചേരിതിരിവും കെ.സി പക്ഷത്തിന്റെ വളർച്ചയ്ക്ക് വഴിയൊരുക്കി. ടി. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള വിഭാഗം വേണുഗോപാലിനൊപ്പം ചേർന്നു. അപ്പോഴും ബെന്നി ബഹ്നാൻ, എം.കെ രാഘവൻ, പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവർ എ ഗ്രൂപ്പിനെ മുന്നോട്ടുകൊണ്ടുപോയി. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ഇവരെല്ലാം വേണുഗോപാലിനൊപ്പം ചേരുന്നതാണ് കണ്ടത്. ചെന്നിത്തല വിഭാഗത്തിലും ചോർച്ചയുണ്ടായി. എന്നാൽ, ജോസഫ് വാഴക്കൻ, അൻവർ സാദത്ത് തുടങ്ങിയവർ ചെന്നിത്തലയ്‌ക്കൊപ്പം ഉറച്ചുനിന്നു. ഷാനിമോൾ ഉസ്മാൻ, മുഹമ്മദ് ഷിയാസ് തുടങ്ങിയ ഏതാനും നേതാക്കൾ മാത്രമാണ് വി.ഡി സതീശനൊപ്പം നിന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."