നീറ്റ് പരീക്ഷ ക്രമക്കേട്; ചോദ്യപേപ്പര്‍ വിറ്റത് മനീഷ വാഗ്മറെയും ധനഞ്ജയ് ലോഖണ്ഡെയും എന്ന് സിബിഐ
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ ക്രമക്കേടില്‍ പുതിയ കണ്ടെത്തലുമായി സി.ബി.ഐ. ചോദ്യപേപ്പര്‍ വന്‍ തുകയ്ക്ക് വിറ്റത് മുഖ്യസൂത്രധാരന്‍ പി.വി. കുല്‍ക്കര്‍ണിയുടെ സഹായി മനീഷ വാഗ്മറെയാണെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. സുഹൃത്തായ ധനഞ്ജയ് ലോഖണ്ഡെയോടൊപ്പമാണ് മനീഷ ചോദ്യപേപ്പര്‍ ലക്ഷങ്ങള്‍ക്ക് വിറ്റതെന്നും സി.ബി.ഐ വ്യക്തമാക്കി.
ക്രമക്കേടിന്റെ സൂത്രധാരന്‍ പി.വി. കുല്‍ക്കര്‍ണി ആയിരുന്നെങ്കിലും ചോദ്യപേപ്പര്‍ രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ മുഖ്യപങ്ക് മനീഷ വാഗ്മറെയും ധനഞ്ജയ് ലോഖണ്ഡെയുമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി സി.ബി.ഐ അറിയിച്ചു.
ഇരുവരും ചേര്‍ന്ന് പത്ത് ലക്ഷം രൂപയ്ക്ക് കുല്‍ക്കര്‍ണി തയ്യാറാക്കിയ ചോദ്യപേപ്പര്‍ നാസിക് സ്വദേശി ശുഭം ഖൈര്‍നാറിന് വിറ്റതായും കണ്ടെത്തി. പിന്നീട് ശുഭം ഈ ചോദ്യപേപ്പര്‍ ഗുരുഗ്രാമിലെ ഡോക്ടര്‍ യാഷ് യാദവിന് പതിനഞ്ച് ലക്ഷം രൂപയ്ക്ക് കൈമാറി. തുടര്‍ന്ന് ഇത് രാജസ്ഥാനിലേക്ക് വ്യാപിപ്പിക്കുകയും മാതൃക ചോദ്യപേപ്പറുകള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുകയും ചെയ്തതായും അന്വേഷണ സംഘം കണ്ടെത്തി.
മനീഷയും ധനഞ്ജയും നേരത്തെ തന്നെ പിടിയിലായിട്ടുണ്ട്. പണമിടപാടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴി കൂടുതല്‍ പ്രതികളിലേക്ക് എത്താനാകുമെന്നാണ് സി.ബി.ഐയുടെ വിലയിരുത്തല്‍.
അതേസമയം, പരീക്ഷ റദ്ദാക്കിയതിനെ തുടര്‍ന്നുണ്ടായ മാനസിക സമ്മര്‍ദ്ദത്തില്‍ രാജസ്ഥാനില്‍ ഒരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ജുന്‍ജുനു സ്വദേശി പ്രദീപ് മേഘ്വാളാണ് ജീവനൊടുക്കിയത്.
ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധങ്ങള്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."