വേലി തന്നെ വിളവു തിന്നുമ്പോൾ! നീറ്റ് ചോദ്യപ്പേപ്പർ തയ്യാറാക്കിയ ബയോളജി അധ്യാപികയെ സിബിഐ പൊക്കി; അന്വേഷണം കേരളത്തിലേക്കും
നീറ്റ് (NEET-UG) ചോദ്യപ്പേപ്പർ ചോർച്ചാ വിവാദത്തിൽ കേന്ദ്ര സർക്കാരിനെയും ദേശീയ പരീക്ഷാ ഏജൻസിയെയും (NTA) കൂടുതൽ പ്രതിരോധത്തിലാക്കി സിബിഐയുടെ നിർണായക അറസ്റ്റ്. ചോദ്യപ്പേപ്പർ തയ്യാറാക്കാൻ എൻടിഎ നിയോഗിച്ച പാനലിലെ ബയോളജി അധ്യാപിക മനീഷ ഗുരുനാഥാണ് ഒടുവിൽ പിടിയിലായത്. സുവോളജി, ബോട്ടണി ചോദ്യങ്ങൾ തയ്യാറാക്കിയ സംഘത്തിൽ അംഗമായിരുന്ന ഇവർ തന്നെയാണ് ചോദ്യങ്ങൾ ചോർത്തിനൽകിയതെന്ന് സിബിഐ കണ്ടെത്തി.
സംഭവത്തിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായി ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. പരീക്ഷ റദ്ദാക്കിയതിനെ തുടർന്ന് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്യുന്ന പശ്ചാത്തലത്തിൽ, "ഇത് ആത്മഹത്യയല്ല, സർക്കാരിന്റെ കൊലപാതകമാണ്" എന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
വേലി തന്നെ വിളവു തിന്നുമ്പോൾ; സിബിഐ വലയിലായവർ
ചോദ്യപ്പേപ്പർ ചോർച്ചയുടെ ഉറവിടം തേടിയുള്ള അന്വേഷണത്തിലാണ് പരീക്ഷാ ബോർഡിനെത്തന്നെ ഞെട്ടിച്ച വിവരങ്ങൾ പുറത്തുവന്നത്. കഴിഞ്ഞ ദിവസം പൂനെയിൽ നിന്ന് കെമിസ്ട്രി അധ്യാപകൻ പി.വി. കുൽക്കർണി പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് ബയോളജി അധ്യാപിക മനീഷയും അറസ്റ്റിലാകുന്നത്.
പൂനെ, നാസിക് എന്നിവിടങ്ങളിൽ നേരത്തെ പിടിയിലായ ഏജന്റുമാർക്കും കോച്ചിംഗ് സെന്ററുകൾക്കും ചോദ്യങ്ങൾ ചോർത്തി നൽകിയത് ഈ അധ്യാപകരാണെന്ന് സിബിഐ സ്ഥിരീകരിച്ചു. ചോദ്യപ്പേപ്പർ മറ്റ് പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ അധ്യാപകരിലേക്കും സിബിഐ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. എൻടിഎയിലെ ചില ഉന്നത ഉദ്യോഗസ്ഥരും സിബിഐ നിരീക്ഷണത്തിലാണ്.
കേരളത്തിലേക്കും അന്വേഷണച്ചരടുകൾ
ചോർച്ചയുടെ കണ്ണികൾ കേരളം അടക്കം ഏഴോളം സംസ്ഥാനങ്ങളിലേക്ക് നീളുന്നതായാണ് സൂചന. കേരളത്തിൽ പത്തനംതിട്ട കേന്ദ്രീകരിച്ച് ചില കോച്ചിംഗ് സെന്ററുകളിൽ സംസ്ഥാന ഇന്റലിജൻസും കേന്ദ്ര ഏജൻസികളും പരിശോധന നടത്തിക്കഴിഞ്ഞു. വൻകിട കോച്ചിംഗ് ലോബികളുമായി അധ്യാപകർക്ക് കോടിക്കണക്കിന് രൂപയുടെ അവിശുദ്ധ ഇടപാടുകളുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
"വിദ്യാർത്ഥികളെ കൊല ചെയ്തത് സർക്കാർ": രാഹുൽ ഗാന്ധി
നീറ്റ് പരീക്ഷ റദ്ദാക്കിയതിലുള്ള മനോവിഷമത്തെ തുടർന്ന് രാജസ്ഥാനിലെ സിക്കറിൽ പ്രദീപ് മേഘ്‌വാൾ എന്ന വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ചത്.
"ചോദ്യപ്പേപ്പർ തയ്യാറാക്കാൻ ഏൽപ്പിച്ചവർ തന്നെ അത് വിറ്റ് കാശാക്കുന്ന സംഘടിത അഴിമതിയാണ് രാജ്യത്ത് നടക്കുന്നത്. ഇതിന്റെ ഇരകളായി രാജ്യത്തെ വിദ്യാർത്ഥികൾ ജീവനൊടുക്കുമ്പോൾ അതിന് ഉത്തരവാദി കേന്ദ്ര സർക്കാർ മാത്രമാണ്. ഇത് ഭരണകൂടം നടത്തുന്ന കൊലപാതകമാണ്."എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഇത്രയും വലിയ വീഴ്ചയും നാണക്കേടും ഉണ്ടായിട്ടും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനോ പ്രധാനമന്ത്രിയോ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകുന്നില്ലെന്ന് കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും ആരോപിച്ചു. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ പ്രമുഖർ സിബിഐ വലയിലാകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."