ആക്രമണങ്ങളെ പ്രതിരോധിക്കാൻ യുഎഇ സജ്ജം; സുരക്ഷയ്ക്കായി ആരുടെയും സഹായത്തിന് കാത്തുനിൽക്കില്ലെന്ന് വിദേശകാര്യ സഹമന്ത്രി
ന്യൂഡൽഹി/ദുബൈ: ആരുടെയും സംരക്ഷണത്തിനായി യുഎഇ കാത്തുനിൽക്കാറില്ലെന്നും ഏത് തരത്തിലുള്ള അധിനിവേശത്തെയും പ്രതിരോധിക്കാൻ രാജ്യം പൂർണ്ണ സജ്ജമാണെന്നും യുഎഇ വിദേശകാര്യ സഹമന്ത്രി ഖലീഫ ഷഹീൻ അൽ മരാർ.
ന്യൂഡൽഹിയിൽ നടന്ന ബ്രിക്സ് (BRICS) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം രാജ്യത്തിന്റെ ശക്തമായ നിലപാട് ആവർത്തിച്ചത്. യുഎഇക്ക് നേരെ നടക്കുന്ന ഭീകരാക്രമണങ്ങളെ ന്യായീകരിക്കാനുള്ള ഇറാന്റെ ശ്രമങ്ങളെയും ആരോപണങ്ങളെയും അദ്ദേഹം പൂർണ്ണമായി തള്ളിപ്പറഞ്ഞു.
യുഎഇയുടെ പരമാധികാരത്തെയോ ദേശീയ സുരക്ഷയെയോ സ്വതന്ത്രമായ തീരുമാനങ്ങളെയോ ബാധിക്കുന്ന തരത്തിലുള്ള ഒരു ഭീഷണിയും അംഗീകരിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തരം ആക്രമണങ്ങൾ ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും അയൽപക്ക സൗഹൃദ തത്വങ്ങൾക്കും എതിരായ നഗ്നമായ ലംഘനമാണ്. ഭീഷണികൾക്കോ സമ്മർദ്ദങ്ങൾക്കോ വഴങ്ങി യുഎഇ അതിന്റെ തന്ത്രപരമായ നിലപാടുകളിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2026 ഫെബ്രുവരി 28 മുതൽ യുഎഇയിലെ ജനവാസ മേഖലകളെയും വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, എണ്ണ ശുദ്ധീകരണ ശാലകൾ, ജലസംസ്കരണ പ്ലാന്റുകൾ തുടങ്ങിയ തന്ത്രപ്രധാനമായ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് ഉണ്ടായത്. എന്നാൽ യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം അതീവ ജാഗ്രതയോടെ ഏകദേശം 3,000 ബാലിസ്റ്റിക്-ക്രൂയിസ് മിസൈലുകളും ഡ്രോണുകളുമാണ് തകർത്തതെന്ന് മന്ത്രി വെളിപ്പെടുത്തി.
അന്താരാഷ്ട്ര സമൂഹത്തിന്റെ കടുത്ത ആശങ്കകൾ നിലനിൽക്കെയാണ് ഇത്തരം ആക്രമണങ്ങൾ തുടരുന്നത്. യുഎൻ സുരക്ഷാ കൗൺസിലിന്റെ പ്രമേയം ഉൾപ്പെടെ നിരവധി രാജ്യാന്തര സംഘടനകൾ ഈ ആക്രമണങ്ങളെ അപലപിച്ചിട്ടുണ്ട്. കൂടാതെ, ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ഇറാന്റെ ശ്രമങ്ങൾ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്തുന്നതാണെന്നും ഇത് ആഗോള ഊർജ്ജ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങളിലെ ആർട്ടിക്കിൾ 51 പ്രകാരം രാജ്യത്തിന്റെ പരമാധികാരവും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയും സംരക്ഷിക്കാൻ യുഎഇക്ക് പൂർണ്ണമായ സൈനിക, നയതന്ത്ര അവകാശങ്ങളുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി, ഈ ആക്രമണങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം ഇറാനാണെന്നും ഓർമ്മിപ്പിച്ചു.
uae says it is fully prepared against attacks and will independently ensure national security without relying on external assistance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."