ഒപെകിൽ നിന്നുള്ള പിന്മാറ്റം ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തി; തന്ത്രപരമായ തീരുമാനമെന്ന് യുഎഇ
അബുദബി: ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്‌സ്‌പോർട്ടിംഗ് കൺട്രീസിൽ (ഒപെക്), ഒപെക് പ്ലസ് സഖ്യത്തിൽ നിന്നും പിന്മാറാനുള്ള യുഎഇയുടെ തീരുമാനം രാജ്യത്തിന്റെ പരമാധികാരവും തന്ത്രപരവുമായ തീരുമാനമാണെന്ന് ഊർജ്ജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്രൂയി.
രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക കാഴ്ചപ്പാടുകൾ മുൻനിർത്തിയും ഊർജ്ജ ശേഷി വർദ്ധിപ്പിക്കുന്നതിനുമാണ് ഇത്തരമൊരു സുപ്രധാന തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര വിപണിയിലെ പ്രധാനപ്പെട്ട ഊർജ്ജ വിതരണക്കാരായി തുടരാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ മന്ത്രി അറിയിച്ചു.
ദേശീയ ഉൽപ്പാദന നയങ്ങളുടെയും ഭാവിയിലെ ഊർജ്ജ ആവശ്യകതകളുടെയും സമഗ്രമായ അവലോകനത്തിന് ശേഷമാണ് സഖ്യം വിടാൻ രാജ്യം തീരുമാനിച്ചത്. ആഗോള സാമ്പത്തിക-ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിൽ ദ്രുതഗതിയിലുള്ള മാറ്റങ്ങൾ സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ, അന്താരാഷ്ട്ര ഊർജ്ജ വിപണികളിൽ സ്ഥിരത നിലനിർത്താൻ യുഎഇയുടെ ഈ പുതിയ തന്ത്രപരമായ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ഒപെക് സഖ്യം വിടാനുള്ള തീരുമാനത്തെ ചുറ്റിപ്പറ്റിയുള്ള പലവിധ ഊഹാപോഹങ്ങളെയും പ്രസ്താവനയിലൂടെ മന്ത്രി പൂർണ്ണമായും തള്ളിപ്പറഞ്ഞു. ഈ നീക്കത്തിന് രാഷ്ട്രീയമായ മറ്റ് കാരണങ്ങളൊന്നുമില്ലെന്നും അന്താരാഷ്ട്ര പങ്കാളികളുമായുള്ള ഭിന്നതയോ അഭിപ്രായവ്യത്യാസമോ ഇതിന് പിന്നിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾക്കും ഊഹാപോഹങ്ങൾക്കും അതീതമായി, കേവലം ദേശീയ താൽപ്പര്യങ്ങൾക്ക് മാത്രം മുൻഗണന നൽകിയാണ് യുഎഇ എപ്പോഴും പരമാധികാര തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് അൽ മസ്രൂയി ഓർമ്മിപ്പിച്ചു.
ആഗോളതലത്തിൽ ഊർജ്ജ പരിവർത്തന നയങ്ങളും ആവശ്യകതകളും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ഉൽപ്പാദന തന്ത്രങ്ങളും നിക്ഷേപ പദ്ധതികളും പുനർനിർണ്ണയിക്കാൻ ലോകമെമ്പാടുമുള്ള എണ്ണ കയറ്റുമതി രാജ്യങ്ങൾ തയ്യാറെടുക്കുകയാണ്.
ഒപെക് സഖ്യത്തിൽ നിന്ന് പുറത്തുകടക്കുന്നതോടെ പ്രതിദിനം 5 ദശലക്ഷം ബാരൽ എണ്ണ ഉൽപ്പാദനമെന്ന വൻ ലക്ഷ്യത്തിലേക്കാണ് യുഎഇ ചുവടുവെക്കുന്നത്. വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യത്തിന്റെ ഉൽപ്പാദന ശേഷി പൂർണ്ണമായി പ്രയോജനപ്പെടുത്താനും ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനും ഈ പുതിയ ഊർജ്ജ നയം രാജ്യത്തിന് കൂടുതൽ സ്വാതന്ത്ര്യം നൽകും.
uae says its decision regarding opec was taken strategically by prioritizing national interests and protecting sovereign economic policies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."