മൈതാനത്ത് പരീക്ഷാ ഹാൾ വികൃതിയോ? ആകാശ് സിങ്ങിന്റെ 'പോക്കറ്റ് നോട്ട്' ആഘോഷത്തെ വലിച്ച് കീറി റായിഡുവും,സ്റ്റെയ്‌നും
ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ (CSK) മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ, വിക്കറ്റ് ആഘോഷത്തിന്റെ പേരിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (LSG) യുവ പേസർ ആകാശ് സിങ്ങിന് മുൻനിര ക്രിക്കറ്റ് വിദഗ്ദ്ധരുടെ രൂക്ഷവിമർശനം. മത്സരത്തിൽ 26 റൺസ് മാത്രം വഴങ്ങി 3 പ്രധാന വിക്കറ്റുകൾ വീഴ്ത്തി ലഖ്‌നൗവിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചെങ്കിലും, താരത്തിന്റെ 'പോക്കറ്റ് നോട്ട്' ആഘോഷമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്.
മത്സരത്തിൽ ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്‌വാദ്, സഞ്ജു സാംസൺ എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയപ്പോഴെല്ലാം ആകാശ് തന്റെ പോക്കറ്റിൽ നിന്ന് മടക്കിവെച്ച ഒരു പേപ്പർ തുണ്ട് (ചിറ്റ്) പുറത്തെടുത്ത് ക്യാമറകൾക്ക് നേരെ ഉയർത്തിപ്പിടിച്ചിരുന്നു. ഈ ചീട്ടിൽ തനിക്കുള്ള ഒരു സ്വയം പ്രചോദന സന്ദേശമായിരുന്നു എഴുതിയിരുന്നത്. "#Akkionfire – ടി20 മത്സരങ്ങളിൽ എങ്ങനെ വിക്കറ്റ് എടുക്കണമെന്ന് ആകാശിന് അറിയാം" എന്നായിരുന്നു ആ കുറിപ്പ്. ഈ സീസണിൽ ഉർവിൽ പട്ടേൽ, രഘു ശർമ്മ തുടങ്ങിയ താരങ്ങളും സമാനമായ രീതിയിൽ 'ചിറ്റ് ആഘോഷം' നടത്തിയിരുന്നെങ്കിലും മുൻ താരങ്ങൾക്ക് ഇത് അത്ര രസിച്ചിട്ടില്ല.
"പൂർണ്ണമായ അസംബന്ധം, ഈ ചിറ്റ് ബിസിനസ്സ് നിരോധിക്കണം": അമ്പാട്ടി റായിഡു
ആകാശ് സിങ്ങിന്റെ ഈ പ്രവർത്തിക്കെതിരെ കടുത്ത ഭാഷയിലാണ് മുൻ സിഎസ്‌കെ താരം അമ്പാട്ടി റായിഡു പ്രതികരിച്ചത്. ഇഎസ്‌പിഎൻ ക്രിക്ക്ഇൻഫോയുടെ ചർച്ചയിലായിരുന്നു റായിഡുവിന്റെ പരിഹാസം.
"ഇന്ന് അവൻ ഏത് നിമിഷത്തിലാണ് ഇങ്ങനെ ചിന്തിച്ചതെന്ന് എനിക്ക് അറിയണം, 'ഹേയ്, ഇത് അടിപൊളിയായിരിക്കും, ഞാൻ ഇത് ടിവിയിൽ കാണിക്കും, എല്ലാവരും ഞാൻ വലിയ കൂൾ ആണെന്ന് കരുതും' എന്ന്. ഇത് ഒരു മികച്ച ആശയമായിരിക്കുമെന്ന് അവനോട് പറഞ്ഞ സുഹൃത്തുക്കൾ ആരാണെന്ന് എനിക്ക് അറിയണം. ഇത് തികച്ചും വിഡ്ഢിത്തവും അസംബന്ധവുമാണ്. പരീക്ഷാ ഹാളിലേക്ക് ചിറ്റ് കൊണ്ടുവരാൻ പാടില്ലാത്തതുപോലെ ക്രിക്കറ്റ് മൈതാനത്തും ഈ 'ചിറ്റ് ബിസിനസ്സ്' പൂർണ്ണമായും നിരോധിക്കണം." എന്ന് അമ്പാട്ടി റായിഡു പറഞ്ഞു.
"ഇനി ഇത് ട്രെൻഡിങ്ങല്ല": ഡെയ്ൽ സ്റ്റെയ്ൻ
ദക്ഷിണാഫ്രിക്കൻ ഇതിഹാസ പേസർ ഡെയ്ൽ സ്റ്റെയ്‌നും ഈ ട്രെൻഡിനെതിരെ എക്‌സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ രംഗത്തെത്തി.
"ആ പേപ്പറുകളൊക്കെ ഇനി എടുത്തുമാറ്റേണ്ട സമയമായി. ഇത് ഇനി ഒട്ടും ട്രെൻഡിങ്ങല്ല. സത്യം പറഞ്ഞാൽ, ഇത് ഒരിക്കലും ഒരു നല്ല ട്രെൻഡ് ആയിരുന്നതുമില്ല." എന്ന് ഡെയ്ൽ സ്റ്റെയ്ൻ എക്സിൽ കുറിച്ചു.
മുൻ ന്യൂസിലാൻഡ് പേസർ മിച്ചൽ മക്ലെനാഗനും റായിഡുവിന്റെ അഭിപ്രായത്തോട് യോജിച്ചു. "ഈ തലമുറയിലെ ചിലരെ കണ്ട് ഞാൻ അത്ഭുതപ്പെടുകയാണ്. ആളുകൾ നിങ്ങളുടെ പേര് പോലും ശരിയായി മനസ്സിലാക്കുന്നതിന് മുൻപ്, കരിയറിലെ ആദ്യത്തെ നല്ലൊരു പ്രകടനത്തിന് ശേഷം ഇങ്ങനെ വിരൽ ചൂണ്ടുന്നത് കാണുമ്പോൾ കൗതുകം തോന്നുന്നു. വെറും നാല് മത്സരങ്ങൾ മാത്രം കളിച്ചപ്പോഴേക്കും നിങ്ങളെ വെറുക്കാൻ ഒരുപാട് ആളുകളുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ സഹോദരാ? ഇത് ശരിക്കും വിചിത്രമാണ്," മക്ലെനാഗൻ പറഞ്ഞു.
മറുപടിയുമായി ആകാശ് സിംഗ്
അതേസമയം, തന്റെ വിക്കറ്റ് ആഘോഷത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആകാശ് സിംഗ് തന്നെ രംഗത്തെത്തി. ഇത് മറ്റാരെയും കാണിക്കാനല്ലെന്നും തന്നെത്തന്നെ പ്രചോദിപ്പിക്കാനാണെന്നും താരം വ്യക്തമാക്കി.
"ഇത് കളിയിൽ എനിക്ക് കൂടുതൽ ആത്മവിശ്വാസവും പ്രചോദനവും നൽകുന്നു. അതിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ല. കളിക്കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ എന്നെ എന്താണോ സഹായിക്കുന്നത്, ഞാൻ അതിനെ പിന്തുണയ്ക്കും. വലിയ ബാറ്റർമാരെ പുറത്താക്കി കളിയിൽ ആധിപത്യം സ്ഥാപിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം," താരം മിഡ്-ഇന്നിംഗ്സ് അഭിമുഖത്തിൽ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."