നഷ്ടപ്പെട്ട ഒരു ലക്ഷം ദിർഹം ഉടമസ്ഥന് തിരികെ നൽകി ദുബൈ പൊലിസ്; തുണയായത് പ്രവാസി യുവാവ്
ദുബൈ: അശ്രദ്ധ മൂലം വഴിയിൽ വീണുപോയ ഒരു ലക്ഷം ദിർഹം പ്രവാസിക്ക് മുഴുവനായും തിരികെ ലഭിച്ചു. ദുബൈയിൽ ബിസിനസ് നടത്തുന്ന രാജ് എന്ന താമസക്കാരനാണ് നഷ്ടപ്പെട്ട വൻതുക അഞ്ച് മണിക്കൂറിനുള്ളിൽ സുരക്ഷിതമായി തിരിച്ചുകിട്ടിയത്. ദുബൈ പൊലിസിന്റെയും പണം കണ്ടെടുത്ത് കൈമാറിയ മുഹമ്മദ് അലി എന്ന പ്രവാസിയുടെയും മാതൃകാപരമായ ഇടപെടലാണ് തുക വേഗത്തിൽ കണ്ടെത്താൻ സഹായിച്ചത്.
കറാമയിലെ ഒരു ബാങ്കിൽ നിന്ന് ബിസിനസ് ആവശ്യങ്ങൾക്കായി 2,60,000 ദിർഹം പിൻവലിച്ച് കവറിലാക്കിയാണ് രാജ് യാത്ര തിരിച്ചത്. എന്നാൽ യാത്രാമധ്യേ കവർ അല്പം തുറന്ന്, അതിൽ നിന്ന് ഒരു ലക്ഷം ദിർഹത്തിന്റെ ബണ്ടിൽ റോഡിൽ വീണുപോവുകയായിരുന്നു. കുറച്ചു കഴിഞ്ഞാണ് പണം നഷ്ടപ്പെട്ട വിവരം രാജ് ശ്രദ്ധിക്കുന്നത്. ഉടൻ തന്നെ ബാങ്കിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പണം ബാങ്കിന് പുറത്തേക്ക് കൊണ്ടുപോയതായി സ്ഥിരീകരിക്കുകയും പൊലിസിൽ വിവരമറിയിക്കുകയുമായിരുന്നു.
ഈ സമയത്താണ് 'അൽ സിയാറ ഡോക്യുമെന്റ് ക്ലിയറിംഗ് സർവീസസ്' എന്ന സ്ഥാപനത്തിന്റെ ഉടമയായ മുഹമ്മദ് അലിക്ക് റോഡിൽ നിന്ന് ഈ പണക്കിഴി ലഭിക്കുന്നത്. ഒട്ടും മടിക്കാതെ അദ്ദേഹം ഉടൻ തന്നെ ദുബൈ പൊലിസുമായി ബന്ധപ്പെടുകയും തുക പൂർണ്ണമായി കൈമാറുകയും ചെയ്തു. ദുബൈയിൽ കേവലം 1500 ദിർഹം ശമ്പളത്തിൽ ജീവിതം ആരംഭിച്ച്, നിലവിൽ ചെലവ് ചുരുക്കുന്നതിനായി കുടുംബത്തെ നാട്ടിലയച്ച് ചെറിയൊരു ടൈപ്പിംഗ് സെന്റർ നടത്തുന്ന വ്യക്തിയാണ് മുഹമ്മദ് അലി. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും അദ്ദേഹം കാണിച്ച സത്യസന്ധത പ്രവാസ ലോകത്ത് വലിയ കൈയടി നേടുകയാണ്.
പണം തിരഞ്ഞ് രാജ് വീണ്ടും കറാമയിൽ എത്തിയപ്പോൾ പ്രദേശത്തെ കഫറ്റീരിയ ജീവനക്കാരാണ് പണം പൊലിസിന്റെ പക്കലുണ്ടെന്ന വിവരം അറിയിച്ചത്. റഫാ പൊലിസ് സ്റ്റേഷനിലെ ഹാപ്പിനസ് വിഭാഗം ഉദ്യോഗസ്ഥർ കൃത്യമായ അന്വേഷണത്തിലൂടെ പണം രാജിന്റേത് തന്നെയാണെന്ന് ഉറപ്പുവരുത്തി മൂന്ന് മണിക്കൂറിനുള്ളിൽ കൈമാറി. ദുബൈ പൊലിസിന്റെ മികച്ച സേവനത്തെയും മാനുഷിക പരിഗണനയെയും പ്രശംസിച്ച രാജ്, ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം ദുബൈ ആണെന്ന് ഈ സംഭവത്തിലൂടെ ഒരിക്കൽക്കൂടി തെളിഞ്ഞതായി സാക്ഷ്യപ്പെടുത്തി.
dubai police recovered and returned lost one lakh dirhams after an expatriate youth honestly handed over the money found roadside.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."