മിയാൻ ഭായ് ഇരുപത്തിയൊന്നാമനായി ചരിത്രത്തിലേക്ക്; ഈഡൻ ഗാർഡൻസിൽ സ്പെഷ്യൽ ഡബിൾ സെഞ്ച്വറി തിളക്കവുമായി സിറാജ്
കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ആവേശപ്പോരാട്ടത്തിനിടെ സൂപ്പർ നാഴികക്കല്ല് പിന്നിട്ട് ഗുജറാത്ത് പേസർ മുഹമ്മദ് സിറാജ്. ട്വന്റി-20 ക്രിക്കറ്റിൽ 200 വിക്കറ്റുകൾ എന്ന സ്പെഷ്യൽ ഡബിൾ സെഞ്ച്വറിയാണ് സിറാജ് തന്റെ പേരിൽ കുറിച്ചത്. കൊൽക്കത്ത നായകൻ അജിങ്ക്യ രഹാനെയെ പുറത്താക്കിയാണ് 'മിയാൻ ഭായ്' ഈ കരിയർ നേട്ടത്തിലേക്ക് എത്തിയത്.
വിവിധ ട്വന്റി-20 ടൂർണമെന്റുകളിലായി 174 ഇന്നിങ്സുകളിൽ നിന്നാണ് സിറാജ് ഈ അപൂർവ്വ നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ ട്വന്റി-20 ഫോർമാറ്റിൽ 200 വിക്കറ്റുകൾ തികയ്ക്കുന്ന 21-ാമത് ഇന്ത്യൻ ബൗളറായി മാറാനും ഈ ഹൈദരാബാദുകാരന് സാധിച്ചു. ഇന്ത്യൻ ദേശീയ ടീം, ഹൈദരാബാദ് ആഭ്യന്തര ടീം, സൺറൈസേഴ്‌സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, നിലവിലെ ടീമായ ഗുജറാത്ത് ടൈറ്റൻസ് എന്നിവർക്കായി പന്തെറിഞ്ഞാണ് സിറാജ് ഈ വിക്കറ്റ് വേട്ട നടത്തിയത്.
മത്സരത്തിൽ റൺമഴയുമായി കൊൽക്കത്ത
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് ഈഡൻ ഗാർഡൻസിൽ കാഴ്ചവെക്കുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കൊൽക്കത്ത 17 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് എന്ന ശക്തമായ നിലയിലാണ്.
കൊൽക്കത്തയ്ക്ക് വേണ്ടി ഓപ്പണർ ഫിൻ അലൻ തകർപ്പൻ വെടിക്കെട്ട് ബാറ്റിംഗാണ് പുറത്തെടുത്തത്. വെറും 35 പന്തുകളിൽ നിന്ന് 10 സിക്സറുകളും 4 ഫോറുകളുമടക്കം 93 റൺസ് വാരിക്കൂട്ടിയ അലനെ സായ് കിഷോറാണ് പുറത്താക്കിയത്. 14 പന്തിൽ 14 റൺസെടുത്ത നായകൻ അജിങ്ക്യ രഹാനെയുടെ വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. നിലവിൽ 51 റൺസോടെ ആംഗ്രിഷ് രഘുവംശിയും 31 റൺസുമായി കാമറൂൺ ഗ്രീനുമാണ് ക്രീസിലുള്ളത്.
ടീം പ്ലെയിങ് ഇലവൻ:
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്:
അജിങ്ക്യ രഹാനെ (ക്യാപ്റ്റൻ), ഫിൻ അലൻ, കാമറൂൺ ഗ്രീൻ, ആംഗ്രിഷ് രഘുവംഷി (വിക്കറ്റ് കീപ്പർ), മനീഷ് പാണ്ഡെ, റിങ്കു സിംഗ്, സുനിൽ നരെയ്ൻ, അനുകുൽ റോയ്, വരുൺ ചക്രവർത്തി, സൗരഭ് ദുബെ, കാർത്തിക് ത്യാഗി.
ഗുജറാത്ത് ടൈറ്റൻസ്:
സായ് സുദർശൻ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്‌ലർ (വിക്കറ്റ് കീപ്പർ), ജേസൺ ഹോൾഡർ, വാഷിംഗ്ടൺ സുന്ദർ, നിഷാന്ത് സിന്ധു, റാഷിദ് ഖാൻ, അർഷാദ് ഖാൻ, കാഗിസോ റബാദ, സായ് കിഷോർ, മുഹമ്മദ് സിറാജ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."