ബന്ധുക്കളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് അപകീർത്തിപ്പെടുത്തി; പ്രവാസി യുവാവിന് പിഴ ചുമത്തി യുഎഇ കോടതി
ദുബൈ: ബന്ധുക്കളായ യുവതിയുടെയും പിതാവിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അനുവാദമില്ലാതെ പ്രചരിപ്പിക്കുകയും മോശം പരാമർശങ്ങളോടെ അപകീർത്തിപ്പെടുത്തുകയും ചെയ്ത കേസിൽ 27 കാരനായ ഇന്ത്യൻ യുവാവിന് 3,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി.
യുവതിയുടെ ചിത്രത്തിനൊപ്പം അവരുടെ സ്വഭാവത്തെയും പെരുമാറ്റത്തെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള കുറിപ്പുകളാണ് പ്രതി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്. സമാനമായ രീതിയിൽ യുവതിയുടെ പിതാവിന്റെ ചിത്രവും ഇയാൾ മോശം പരാമർശങ്ങളോടെ പ്രചരിപ്പിച്ചിരുന്നു. വിവാഹിതയായ തനിക്ക് ഈ പോസ്റ്റുകൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും മുന്നിൽ കടുത്ത അപമാനവും മാനസിക വിഷമവുമുണ്ടാക്കിയതായി യുവതി പൊലിസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. തങ്ങളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാൻ പ്രതിക്ക് അനുവാദം നൽകിയിരുന്നില്ലെന്നും ഇവർ കൂട്ടിച്ചേർത്തു.
പരാതിയെത്തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിൽ ഇലക്ട്രോണിക് വിദഗ്ധർ പ്രതിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് പരിശോധിക്കുകയും കുറ്റകരമായ പോസ്റ്റുകൾ കണ്ടെത്തുകയും ചെയ്തു. എന്നാൽ, യുവതി തന്നെ തന്റെ മൊബൈൽ ഫോൺ കൈക്കലാക്കി പാസ്‌വേഡ് ഉപയോഗിച്ച് സ്വന്തം ചിത്രങ്ങളും കുറിപ്പുകളും പോസ്റ്റ് ചെയ്തതാണെന്നായിരുന്നു ചോദ്യം ചെയ്യലിൽ പ്രതിയുടെ വാദം. ഈ വിചിത്ര വാദം കോടതി തള്ളി.
ഫോറൻസിക് ഇലക്ട്രോണിക് തെളിവുകളുടെയും ഇരകളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. എന്നാൽ കേസിന്റെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ശിക്ഷയിൽ ഇളവ് അനുവദിച്ച കോടതി, പ്രതിക്ക് 3,000 ദിർഹം പിഴ ചുമത്തുകയായിരുന്നു.
uae court imposed a fine on an expatriate youth for defaming relatives through social media photo sharing activities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."