വയനാട് ദുരന്ത ബാധിതർക്കുള്ള വായ്പാപദ്ധതി വരുമാനമാർഗമാക്കാൻ കുടുംബശ്രീ ശ്രമം
കൽപ്പറ്റ: വയനാട് ദുരന്ത ബാധിതരായ കുടുംബശ്രീ അംഗങ്ങൾക്കായി നടപ്പാക്കിയ പ്രത്യേക വായ്പാ പദ്ധതി വരുമാന മാർഗമാക്കാൻ കുടുംബശ്രീ. തിരിച്ചടവിന് പ്രയാസമുണ്ടാകാത്ത രീതിയിൽ ആറുമാസം മൊറട്ടോറിയം ഉൾപ്പെടെ അനുവദിച്ച് പ്രത്യേക പരിഗണന നൽകിയാണ് സർക്കാർ പദ്ധതി നടപ്പാക്കിയത്. എന്നാൽ മറ്റു വായ്പാ പദ്ധതികൾക്ക് സമാനമായാണ് കുടുംബശ്രീ പദ്ധതിയെ പരിഗണിച്ചതെന്ന ആക്ഷേപമാണ് ഉയരുന്നത്. ദുരന്തത്തിൽപ്പെട്ട 434 അംഗങ്ങൾക്ക് 8.5 കോടി രൂപ വായ്പ നൽകാനായിരുന്നു പദ്ധതി ആസൂത്രണം ചെയ്തിരുന്നത്.
ബാങ്കുകൾക്ക് പലിശ ഇനത്തിൽ നൽകാനുള്ള 1.94 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് കുടുംബശ്രീക്ക് അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ ആറുമാസമോ, ഒരു വർഷമോ പലിശ ഉൾപ്പെടെ തിരിച്ചടവ് നടത്തിയശേഷം മാത്രമേ അടച്ച പലിശ നൽകുകയൊള്ളുവെന്നാണ് അറിയിച്ചതെന്ന് ഗുണഭോക്താക്കൾ പറയുന്നു.
കേരള ഗ്രാമീൺ ബാങ്ക്, സെന്റർ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നീ ബാങ്കുകളാണ് പദ്ധതിയുമായി സഹകരിക്കുന്നത്. ആറുമാസം മൊറട്ടോറിയം നിലനിൽക്കെ കേരള ഗ്രാമീൺ ബാങ്ക് വായ്പ നൽകിയ ഗുണഭോക്താക്കളിൽ നിന്ന് ഏപ്രിൽ മാസം മുതൽ തിരിച്ചടവ് ഈടാക്കി തുടങ്ങിയിട്ടുണ്ട്. ആറുമാസത്തിന് ശേഷം തിരിച്ചടവ് ആരംഭിക്കുകയാണെങ്കിൽ 5700 രൂപയോളം മാസം അടക്കേണ്ടിവരുമെന്നും ഇപ്പോൾ തിരിച്ചടവ് തുടങ്ങിയാൽ മാസം 5000 രൂപ വീതം അടച്ചാൽ മതിയാകുമെന്നുമാണ് ഗുണഭോക്താക്കളെ വിളിച്ചറിയിച്ചത്.
എന്നാൽ പദ്ധതിയുമായി സഹകരിക്കുന്ന മറ്റു ബാങ്കുകളിൽ വായ്പയുടെ തിരിച്ചടവ് ആരംഭിച്ചിട്ടില്ല. ദുരന്ത ബാധിതരായ എല്ലാ അംഗങ്ങൾക്കും രണ്ട് ലക്ഷം രൂപയാണ് പലിശ രഹിത വായ്പയായി നൽകിയത്. തിരിച്ചടവ് തുടങ്ങി നിശ്ചിതകലാവധിയിൽ ബാങ്കിൽ നിന്ന് നോ ഡ്യൂ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ അടച്ച പലിശ തുക നൽകുന്ന തരത്തിൽ മറ്റു വായ്പാ പദ്ധതികൾക്ക് സമാനമായാണ് കുടുംബശ്രീ ദുരന്തബാധിതർക്കുള്ള പ്രത്യേക വായ്പാ പദ്ധതിയും നടപ്പാക്കുന്നത്.
വായ്പാ തുകയും തിരിച്ചടവ് കാലാവധി കണക്കാക്കി പലിശ തിരിച്ചടവ് കുടുംബശ്രീയും ബാങ്കുകളും നേരിട്ട് നടത്തണമെന്നാവശ്യമാണ് ഗുണഭോക്താക്കൾ ഉന്നയിക്കുന്നത്. 434 കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഉരുൾദുരന്തത്തിന് മുമ്പ് ബാങ്കുകളിൽ മറ്റു വായ്പകളുള്ളവർക്ക് വായ്പ അനുവദിച്ചിട്ടുമില്ല.
ദുരന്തശേഷം തിരിച്ചടവ് മുടങ്ങിയവരെ ഉൾപ്പെടെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയെന്നും നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."