യുഎഇക്ക് പിന്തുണയുമായി ലോകം; സോഷ്യൽ മീഡിയയിൽ വൈറലായി 'ഐ സ്റ്റാൻഡ് വിത്ത് യുഎഇ' ക്യാമ്പെയ്ൻ
ദുബൈ: "ഞങ്ങളുടെ അവസാന ശ്വാസം വരെ ഞങ്ങൾ യുഎഇയോടൊപ്പം നിൽക്കും..." യുഎഇക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വാക്കുകളാണിത്. മിഡിൽ ഈസ്റ്റിലെ തന്ത്രപരമായ കാര്യങ്ങളിൽ വിദഗ്ദ്ധനായ അംജദ് താഹ തന്റെ 'എക്സ്' (ട്വിറ്റർ) പ്ലാറ്റ്‌ഫോമിലൂടെ ആരംഭിച്ച ആഹ്വാനം, മണിക്കൂറുകൾക്കകം ആഗോളതലത്തിൽ വലിയൊരു ഡിജിറ്റൽ ജനഹിതപരിശോധനയായി മാറുന്ന കാഴ്ചയ്ക്കാണ് സൈബർ ലോകം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. 'ഐ സ്റ്റാൻഡ് വിത്ത് യുഎഇ' (#IStandWithUAE) എന്ന ഹാഷ്‌ടാഗ് ഇതിനകം തന്നെ 30 ലക്ഷത്തിനടുത്ത് ആളുകളാണ് കണ്ടുകഴിഞ്ഞത്.
യുഎഇക്ക് നേരെയുള്ള ഇറാന്റെ ഭീഷണികൾക്കും സൈബർ ആക്രമണങ്ങൾക്കും എതിരെ പൊതുബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പെയ്‌ൻ ആരംഭിച്ചതെങ്കിലും, നിമിഷങ്ങൾക്കകം ഇത് പ്രാദേശിക അതിരുകൾ ഭേദിച്ചു. ഇന്ത്യ, മൊറോക്കോ, സൊമാലിയ, യുകെ, പാകിസ്ഥാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ യുഎഇയുടെ ഭരണകൂടത്തിനും ജനങ്ങൾക്കും പിന്തുണയുമായി രംഗത്തെത്തി. ഭീഷണികൾക്ക് മുന്നിൽ പതറാതെ മാനവികതയുടെയും സമാധാനത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന യുഎഇയുടെ നാഗരികതയ്ക്കൊപ്പം തങ്ങളുണ്ടാകുമെന്നാണ് ഇവർ വ്യക്തമാക്കുന്നത്.
ഈ ഡിജിറ്റൽ തരംഗത്തിൽ ഏറ്റവും ശ്രദ്ധേയമായത് നിരവധി ഇറാനിയൻ പൗരന്മാർ കാമ്പെയ്‌നിൽ പങ്കാളികളായി എന്നതുതന്നെയാണ്. "ഞാൻ ഒരു ഇറാനിയാണ്, എങ്കിലും ഞാൻ യുഎഇയോടൊപ്പം നിൽക്കുന്നു" എന്ന സന്ദേശത്തോടെ നിരവധി പേർ പോസ്റ്റുകൾ പങ്കുവെച്ചു. അനാവശ്യമായ യുദ്ധാന്തരീക്ഷവും സംഘർഷങ്ങളും ജനങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും, യുഎഇ മുന്നോട്ടുവെക്കുന്ന സമാധാനപരമായ സഹവർത്തിത്വത്തിന്റെ മാതൃകയ്ക്കൊപ്പമാണ് തങ്ങളെന്നുമാണ് ഇത്തരം പ്രതികരണങ്ങളിലൂടെ ഇവർ വ്യക്തമാക്കുന്നത്.
കാമ്പെയ്‌ന്റെ ഭാഗമായി യുഎഇയിലെ പ്രശസ്തമായ ബുർജ് ഖലീഫ, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ തുടങ്ങിയ ലാൻഡ്‌മാർക്കുകൾക്ക് മുന്നിൽ നിന്ന് യുഎഇ പതാകയേന്തി നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളും കൊണ്ട് ഇൻസ്റ്റാഗ്രാമും എക്സ് പ്ലാറ്റ്‌ഫോമും നിറഞ്ഞിരിക്കുകയാണ്. "കഴിഞ്ഞ 15 വർഷമായി ഞാൻ യുഎഇയിലാണ് ജീവിക്കുന്നത്. അനിശ്ചിതത്വം നിറഞ്ഞ ഈ ലോകത്ത് ഈ രാജ്യം തരുന്ന സുരക്ഷിതത്വവും ആത്മവിശ്വാസവും ബഹുമാനവും വാക്കുകൾക്ക് അപ്പുറമാണ്. നന്ദി യുഎഇ," എന്ന് കുറിച്ച ഒരു പ്രവാസിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗമായി മാറി.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാധാരണ തൊഴിലാളികൾ മുതൽ പ്രമുഖ കലാകാരന്മാർ വരെ ഈ ഡിജിറ്റൽ ഐക്യദാർഢ്യത്തിൽ അണിനിരക്കുന്നുണ്ട്. ദുബൈയിൽ താമസിക്കുന്ന പ്രശസ്ത റഷ്യൻ സംഗീതജ്ഞയും സംരംഭകയുമായ മരിയ ബുലാവിന 'ഐ സ്റ്റാൻഡ് വിത്ത് യുഎഇ' എന്ന പേരിൽ ഒരുക്കിയ പ്രത്യേക സംഗീത ആൽബം ഇതിനകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. വൈവിധ്യവും സഹിഷ്ണുതയും മുൻനിർത്തി യുഎഇ കെട്ടിപ്പടുത്ത നല്ല പ്രതിച്ഛായയുടെ ഫലമാണ് ലോകമെമ്പാടുമുള്ള ജനങ്ങളിൽ നിന്നും ഇപ്പോൾ ലഭിക്കുന്ന ഈ അഭൂതപൂർവ്വമായ സ്നേഹമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
social media users worldwide are rallying behind the uae through the viral i stand with uae campaign. hashtags, solidarity posts, and support messages continue spreading online as global communities express unity with the nation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."