ഭാരതീയം സാംസ്‌കാരിക പരിപാടിയ്ക്ക് നെയ്യാര്‍ മേള വേദിയായി
നെയ്യാറ്റിന്‍കര: നെയ്യാര്‍ മേളയുടെ ഭാഗമായി ഭാരതീയം എന്ന സാംസ്‌കാരിക പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിന്‍കര എം.എല്‍.എ കെ.ആന്‍സലന്‍ നിര്‍വഹിച്ചു.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയ്ക്ക് നെയ്യാറ്റിന്‍കര അക്ഷയ ഷോപ്പിംഗ് കോപ്ലക്‌സ് അങ്കണത്തില്‍ നിന്നും ഘോഷയാത്രയായിട്ടാണ് 150 ഓളം കലാകരന്‍മാര്‍ നെയ്യാര്‍ മേളയിലെ വേദിയിലേയ്ക്ക് എത്തിച്ചേര്‍ന്നത്.
ഇന്ത്യയിലെ 10 ഓളം സംസ്ഥാനങ്ങളില്‍നിന്നുളള കലാകാരന്‍മാര്‍ അവരുടെ നാടിന്റെ തനത് കലാരൂപങ്ങള്‍ അവതരിപ്പിച്ചത് നെയ്യാറ്റിന്‍കരയിലെ നഗരവാസികള്‍ക്ക് കൗതുകമായി. നെയ്യാറ്റിന്‍കരയില്‍ നാളിതുവരെ ഇത്തരത്തിലൊരു കലാ പ്രകടനം നടന്നിട്ടില്ലാത്തതുകൊണ്ടും വിവിധ നാടുകളിലെ കലാരൂപങ്ങള്‍ നേരില്‍ കാണാന്‍ കഴിഞ്ഞതിലും നെയ്യാറ്റിന്‍കര നിവാസികള്‍ കൂടുതല്‍ ആഹ്ലാദത്തിലായി. ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി നെയ്യാര്‍ മേളയെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കുകയും കലാകാരന്‍മാരെ ദേശഭാഷ വ്യത്യാസമില്ലാതെ അണിനിരത്തി കൂടുതല്‍ നിറപകിട്ടാര്‍ന്നതാക്കുകയുമായിരുന്നു സംഘാടകരുടെ ലക്ഷ്യം. ഈ മാസം 25 വരെ നെയ്യാറ്റിന്‍കരയിലെ വിവിധ വേദികളില്‍ ഭാരതീയം സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.
ഭാരതീയം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ഡബ്ല്യു.ആര്‍.ഹീബ അധ്യക്ഷത വഹിച്ചു. ഭാരതീയം ചെയര്‍മാന്‍ പ്രദീപ് പയ്യന്നൂര്‍ ആശംസകള്‍ നേര്‍ന്നു. നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.പി.ശ്രീകണ്ഠന്‍നായര്‍ , അലി ഫാത്തിമ , വ്യാപാരി വ്യവസായി സമിതി താലൂക്ക് നേതാക്കള്‍ , നെയ്യാര്‍ മേള ജനറല്‍ കണ്‍വീനര്‍ ഷാനവാസ് തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തിനു ശേഷം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള കലാകാരന്‍മാര്‍ വിവിധങ്ങളായ കലാരൂപങ്ങള്‍ നെയ്യാര്‍ മേള വേദിയില്‍ അവതരിപ്പിച്ചു.
വിജയികളായി
നെയ്യാറ്റിന്‍കര: നെയ്യാര്‍ മേള 2016 നോടനുബന്ധിച്ച് നെയ്യാറ്റിന്‍കര ഗവ.ബോയ്‌സ് എച്ച്.എസ്.എസില്‍ കഴിഞ്ഞദിവസം നടന്ന വടംവലി മത്സരത്തില്‍ ചെമ്പഴന്തി ധ്വനി ഒന്നാം സമ്മാനവും പോങ്ങില്‍ ജൂനിയര്‍ 'എ' ടീം രണ്ടാം സമ്മാനവും നേടി.
നെയ്യാര്‍ മേള 2016 നോടനുബന്ധിച്ച് സെപ്റ്റംബര്‍ 18 , 19 , 20 തീയതികളില്‍ ചെങ്കല്‍ വലിയ കുളത്തില്‍ (ഗാന്ധി തീര്‍ഥം) നെയ്യാര്‍ ജലോത്സവം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 18 ന് വൈകുന്നേരം മൂന്നിന് കെ.ആന്‍സലന്‍ എം.എല്‍.എ വളളംകളി മത്സരം ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ 20 ന് വൈകുന്നേരം അഞ്ചിന് വലിയകുളത്തില്‍ കയാക്കിങ്, കനായിങ് പ്രദര്‍ശന മത്സരങ്ങള്‍ നടക്കും. വൈകുന്നേരങ്ങളില്‍ വിവിധ സ്‌കൂളുകളുടെ നേതൃത്വത്തില്‍ കുട്ടികളുടെ കലാ പ്രകടനങ്ങള്‍ നടക്കും. എട്ട് കരക്കാരുടെ മത്സര വളളംകളിയാണ് ഈ ജല മേളയുടെ മുഖ്യ ആകര്‍ഷണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."