കശാപ്പിന് കൊണ്ടുപോകുന്ന പശുക്കൾക്ക് 'ജനന സർട്ടിഫിക്കറ്റ്' വേണം; ബിജെപി എംഎൽഎയുടെ വാദത്തിൽ അമ്പരന്ന് നാട്
കൊൽക്കത്ത: കശാപ്പിനായി കൊണ്ടുപോകുന്ന പശുക്കളുടെ പ്രായം തെളിയിക്കാൻ ജനന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വിചിത്ര ആവശ്യവുമായി ബിജെപി എംഎൽഎ. പശ്ചിമബംഗാളിലെ ഹിംഗൽഗഞ്ച് എംഎൽഎ രേഖാ പത്രയാണ് ഇത്തരമൊരു വാദം ഉന്നയിച്ചത്.
ഹിംഗൽഗഞ്ചിലെ ലേബൂഖാലിയിലാണ് സംഭവം. കന്നുകാലികളുമായി വന്ന വാഹനം എംഎൽഎയുടെ നേതൃത്വത്തിൽ തടയുകയായിരുന്നു. തുടർന്ന്, വാഹനത്തിലുണ്ടായിരുന്ന പശുക്കളെ ഇറക്കി റോഡരികിലെ മരത്തിൽ കെട്ടുകയും അവയ്ക്ക് വെള്ളവും വൈക്കോലും നൽകുകയും ചെയ്തു. പിന്നീടാണ്, എംഎൽഎ തൻ്റെ നിലപാട് വ്യക്തമാക്കിയത്.
"14 വയസ്സിന് താഴെയുള്ള പശുക്കളെ കശാപ്പ് ചെയ്യുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. പശുക്കളെ കടത്തുന്നവർ അവയുടെ പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. അതിന് കഴിഞ്ഞില്ലെങ്കിൽ നിയമവിരുദ്ധമായി കണക്കാക്കി കർശന നടപടിയെടുക്കും." മാത്രമല്ല, ഇത്തരം നിയമവിരുദ്ധ കന്നുകാലി വ്യാപാരികൾക്കെതിരെ നടപടിയെടുക്കാൻ സുവേന്ദു അധികാരി നിർദേശം നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
ഇതോടെ ബിജെപിയെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ബിജെപി ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് പശുക്കൾക്ക് ജനന സർട്ടിഫിക്കറ്റ് നൽകുന്ന രീതി നിലവിലുണ്ടോ എന്ന് തൃണമൂൽ നേതാവ് കുനാൽ ഘോഷ് ചോദിച്ചു. അത്തരമൊരു സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അതിൽ ഒപ്പിടാൻ ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."