തിരിച്ചടിക്കാൻ യുഎഇക്ക് അവകാശമുണ്ട്; ബറാക്ക ആക്രമണത്തെ അപലപിച്ച് വിദേശകാര്യ മന്ത്രാലയം
അബുദബി: അൽ ദഫ്ര മേഖലയിലെ ബറാക്ക ആണവനിലയത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. ഇത്തരം ഭീരുത്വപൂർണ്ണമായ ഭീകരാക്രമണങ്ങൾക്ക് അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ശക്തമായ മറുപടി നൽകാൻ രാജ്യത്തിന് പൂർണ്ണ അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് വിദേശകാര്യ മന്ത്രി യുഎഇയുടെ ശക്തമായ നിലപാട് അറിയിച്ചത്.
സിവിലിയൻ സൗകര്യങ്ങളെയും രാജ്യത്തിന്റെ നിർണായകമായ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് നടത്തുന്ന ഇത്തരം നീക്കങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ശൈഖ് അബ്ദുല്ല വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയും പ്രാദേശിക സമഗ്രതയും പൗരന്മാരുടെ ജീവനും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ യുഎഇക്ക് അവകാശമുണ്ട്. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും ആണവനിലയത്തിന്റെ റേഡിയേഷൻ സുരക്ഷാ നിലവാരത്തെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തി വഴി എത്തിയ മൂന്ന് ഡ്രോണുകളിൽ രണ്ടെണ്ണം വ്യോമ പ്രതിരോധ സേന തകർത്തിരുന്നു. എന്നാൽ മൂന്നാമത്തെ ഡ്രോൺ ആണവനിലയത്തിന് പുറത്തുള്ള ഒരു വൈദ്യുതി ജനറേറ്ററിലാണ് വന്ന് പതിച്ചത്. ഇത് ചെറിയ രീതിയിലുള്ള തീപിടുത്തത്തിന് കാരണമായിരുന്നു.
ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗം, സുരക്ഷ, ആണവ നിർവ്യാപനം എന്നിവ ഉറപ്പാക്കുന്നതിൽ യുഎഇയും ഐഎഇഎയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. പ്രാദേശിക-അന്തർദേശീയ തലങ്ങളിൽ ആണവ സുരക്ഷ ശക്തിപ്പെടുത്തുന്നതിൽ ഐഎഇഎ വഹിക്കുന്ന സുപ്രധാന പങ്കിന് യുഎഇയുടെ പൂർണ്ണ പിന്തുണ ശൈഖ് അബ്ദുല്ല വ്യക്തമാക്കി.
the uae foreign ministry strongly condemned the drone attack near barakah nuclear facility, stating the country has the full right to respond under international law. authorities confirmed national security and civilian infrastructure remain top priorities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."