ജിഫ്രി തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത: പരാതി നല്‍കി
കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത നൽകിയ മലയാളം ന്യൂസ് 24x7 ചാനലിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി. കൂടാതെ, ഡിജിറ്റൽ പബ്ലിഷർ കൺടന്റ് ഗ്രീവൻസ് കൗൺസിലിനും, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ആന്റ് ഡിജിറ്റൽ അസോസിയേഷനും പരാതി നൽകിയിട്ടുണ്ട്. സമസ്ത അധ്യക്ഷന്റെ പേരില്‍ പുറത്തുവന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനും ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ള ശ്രമമാണിതെന്നും പരാതിയില്‍ പറയുന്നു.
മുസ്ലിം ലീഗിലെ മന്ത്രിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ജിഫ്രി തങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചുവെന്നും, മന്ത്രിമാരില്‍ സുന്നികള്‍ക്ക് കുടുതല്‍ പ്രാതിനിധ്യം നല്‍കിയിട്ടില്ലെന്നുമുള്ള രീതിയിലാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്.
സമുദായത്തിനകത്ത് ഭിന്നത സൃഷ്ടിക്കാനും പൊതുജനങ്ങളില്‍ തെറ്റിദ്ധാരണ പരത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് വാര്‍ത്ത പ്രചരിപ്പിച്ചത്. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് മാനേജ്‌മെന്റിനും എഡിറ്റോറിയല്‍ ബോര്‍ഡിനുമെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."