കമാല്‍ മൗല മസ്ജിദ്: 'വിധി സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യും': ചരിത്രരേഖകള്‍ക്ക് വിരുദ്ധമെന്നും മുസ്‌ലിം വ്യക്തിനിയമ ബോർഡ്
ന്യൂഡല്‍ഹി: കമാല്‍ മൗല മസ്ജിദ് സരസ്വതി ക്ഷേത്രമാണെന്ന മധ്യപ്രദേശ് ഹൈക്കോടതി വിധി അംഗീകരിക്കാനാകില്ലെന്നും ഇതിനെ സുപ്രിംകോടതിയില്‍ ചോദ്യംചെയ്യുമെന്നും അഖിലേന്ത്യാ മുസ്‍ലിം വ്യക്തിനിയമ ബോര്‍ഡ്. നിയമവിദഗ്ധരുമായി ആലോചിച്ച് വൈകാതെ തന്നെ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ഇതിന് പൂർണമായ നിയമപരവും ധാർമികവുമായ പിന്തുണ നല്‍കുമെന്നും ബോര്‍ഡ് ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഹൈക്കോടതി വിധി ചരിത്രരേഖകള്‍ക്കും പുരാവസ്തു തെളിവുകള്‍ക്കും വിരുദ്ധമാണെന്നും ബോര്‍ഡ് കുറ്റപ്പെടുത്തി.
സ്വാതന്ത്ര്യം ലഭിച്ച സമയത്തുണ്ടായിരുന്ന ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം അതേപടി നിലനിര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്ന 1991ലെ ആരാധനാലയ നിയമത്തിന്റെ ഭരണഘടനാപരമായ ആത്മാവിന് വിരുദ്ധമാണ് ഹൈക്കോടതി വിധിയെന്ന് ബോര്‍ഡ് വക്താവ് ഡോ. എസ്.ക്യു.ആര്‍ ഇല്യാസ് പറഞ്ഞു.
പതിറ്റാണ്ടുകളായി പുരാവസ്ഥുവകുപ്പ് ഈ സ്മാരകത്തെ 'ഭോജ്ശാല/കമാല്‍ മൗല മസ്ജിദ്' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ചരിത്രപരമായ റവന്യൂ രേഖകളില്‍ ഈ ഘടന മസ്ജിദായി തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മധ്യകാല ഇസ്‍ലാമിക നിർമിതികളില്‍ പലയിടത്തും അതിനുമുമ്പുള്ള കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ പുനരുപയോഗിച്ചിട്ടുണ്ട്.
അതുകൊണ്ട് മാത്രം ഒരു മസ്ജിദിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പദവി നിയമപരമായി ഇല്ലാതാകില്ലെന്നും കേവലം നിര്‍മ്മാണാവശിഷ്ടങ്ങള്‍ നിലവിലെ മതപരമായ സ്വത്വത്തിന്റെ അന്തിമ തെളിവാകില്ലെന്നും ബോര്‍ഡ് വാദിച്ചു.
ദൗര്‍ഭാഗ്യകരമെന്ന് സി.പി.എം പി.ബി
ന്യൂഡല്‍ഹി: കമാല്‍ മൗല മസ്ജിദ് നിലനിന്ന കെട്ടിടസമുച്ഛയം സംബന്ധിച്ച മധ്യപ്രദേശ് ഹൈക്കോടതി വിധി അങ്ങേയറ്റം ആശങ്കാജനകവും ദൗര്‍ഭാഗ്യകരവുമാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ പ്രതികരിച്ചു. രാജ്യത്തിന്റെ മതേതരജനാധിപത്യ അടിത്തറയെ ബാധിക്കുന്നതാണ് ഈ വിധി. സുപ്രിംകോടതി ഈ കേസില്‍ അപ്പീല്‍ പരിഗണിക്കുമെന്നും ഹൈക്കോടതി വിധി റദ്ദാക്കുമെന്നാണ് പ്രതീക്ഷയെന്നും പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി.
വര്‍ഗീയ ചേരിതിരിവ് തീവ്രമാക്കുന്ന രീതിയില്‍ ചരിത്രപരവും മതപരവുമായ തര്‍ക്കങ്ങള്‍ വീണ്ടും തുറന്നുവിടുന്ന നിലവിലെ പ്രവണതയുടെ ഭാഗമായി വേണം ഈ വിധിയെയും കാണാന്‍. 1991ലെ ആരാധനാലയ നിയമത്തിന്റെ വ്യവസ്ഥകളെ പൂർണമായും അവഗണിക്കുന്നതാണ് ഹൈക്കോടതി വിധി. സാമ്പത്തികസാമൂഹിക പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനും വിഭജന രാഷ്ട്രീയത്തിന് മുന്‍ഗണന നല്‍കാനും ശ്രമിക്കുന്ന ബി.ജെ.പി - ആര്‍.എസ്.എസ് വര്‍ഗീയ ശക്തികള്‍ക്ക് ഈ വിധി കൂടുതല്‍ കരുത്ത് പകരുമെന്ന് ചൂണ്ടിക്കാണിച്ച പോളിറ്റ് ബ്യൂറോ, മതേതര ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ജുഡീഷ്യറിയോട് ആവശ്യപ്പെട്ടു.
The All India Muslim Personal Law Board (AIMPLB) has said it cannot accept the Madhya Pradesh High Court verdict declaring the Kamal Maula Mosque a Saraswati temple, and announced plans to challenge the ruling in the Supreme Court. In an official statement, the Board said it would soon file an appeal after consulting legal experts and would extend full legal and moral support to the case. The Board also alleged that the High Court judgment goes against historical records and archaeological evidence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."