"ടി.വി.കെ സർക്കാർ 6 മാസം തികയ്ക്കില്ല, സ്റ്റാലിൻ ഉടൻ തിരിച്ചെത്തും"; വെല്ലുവിളിയുമായി ഡിഎംകെ നേതാവ് അനിത രാധാകൃഷ്ണൻ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ ടി.വി.കെ സർക്കാരിനുമെതിരെ കടുത്ത രാഷ്ട്രീയ ആക്രമണവുമായി മുതിർന്ന ഡി.എം.കെ നേതാവും തിരുച്ചെന്തൂർ എം.എൽ.എയുമായ അനിത രാധാകൃഷ്‌ണൻ. ടി.വി.കെ സർക്കാരിന്റെ ആയുസ്സ് ആറ് മാസം തികയില്ലെന്നും, മുൻ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ ഉടൻ തന്നെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ടി.വി.കെ നേതാവും വില്ലിവാക്കം എം.എൽ.എയുമായ ആധവ് അർജുനനെ രാധാകൃഷ്ണൻ പരസ്യമായി വെല്ലുവിളിച്ചു. "ഈ സർക്കാരിന് ഇനി പരമാവധി നാല് മാസത്തെ ആയുസ്സ് മാത്രമാണുള്ളത്. ആധവ് അർജുനന് ധൈര്യമുണ്ടെങ്കിൽ എം.എൽ.എ സ്ഥാനം രാജിവെച്ച് തിരുച്ചെന്തൂരിൽ എന്നോട് മത്സരിക്കാൻ തയാറാകണം. ഞാനും രാജിവെക്കാം. തിരുച്ചെന്തൂർ ഞങ്ങളുടെ മണ്ണാണ്, അവിടെ ആരെയും തോൽപ്പിക്കാൻ ഞങ്ങൾക്ക് കഴിയും," രാധാകൃഷ്‌ണൻ വ്യക്തമാക്കി. അടുത്ത നാലോ ആറോ മാസങ്ങൾക്കുള്ളിൽ തങ്ങളുടെ നേതാവ് തന്നെ മുഖ്യമന്ത്രി ആകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്‌നാട്ടിൽ ടി.വി.കെ.യും ഡി.എം.കെ.യും തമ്മിലുള്ള പോര് മുറുകുന്നതിനിടയിലാണ് അനിത രാധാകൃഷ്ണന്റെ ഈ വിവാദ പരാമർശം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ മുന്നണികളുടെ 62 വർഷത്തെ രാഷ്ട്രീയ ആധിപത്യത്തിന് അന്ത്യം കുറിച്ചാണ് വിജയ്‌യുടെ ടി.വി.കെ അധികാരമേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."