ഓണ സീസണില്‍ റബര്‍ വിപണിയില്‍ ഇടിവ്
കോട്ടയം: ഓണ സീസണില്‍ റബര്‍ വിപണിയില്‍ തകര്‍ച്ച. വ്യവസായികള്‍ റബര്‍ വില വീണ്ടും താഴ്ത്തി. ഓണാഘോഷങ്ങളിലേക്കു ശ്രദ്ധതിരിച്ചു ചെറുകിട കര്‍ഷകര്‍ തോട്ടങ്ങളില്‍നിന്ന് അകന്നത് വിപണിയിലേക്കുള്ള ചരക്കുനീക്കം കുറച്ചു. ഓണവാരത്തില്‍ ഒട്ടുമിക്ക ഭാഗങ്ങളിലെ തോട്ടങ്ങളും നിശ്ചലമായി.
ഇതിനിടെ,റബര്‍ അവധിവ്യാപാരത്തിലെ വില്പനതരംഗം സ്റ്റോക്കിസ്റ്റുകളെ പരിഭ്രാന്തരാക്കിയതോടെ കൈവശമുള്ള ഷീറ്റ് വിപണിയില്‍ ഇറക്കാന്‍ മത്സമായി. മലബാര്‍ മേഖലയിലും മധ്യകേരളത്തിലും ലഭ്യത വര്‍ധിച്ചതോടെ 12,700 രൂപയില്‍നിന്ന് ആര്‍എസ്എസ് നാലാം ഗ്രേഡ് 12,100 രൂപയായി. അഞ്ചാം ഗ്രേഡിന് 500 രൂപ കുറഞ്ഞ് 11,000 രൂപയായി.
ചുരുങ്ങിയ ദിവസങ്ങള്‍ക്കിടെ റബറിനു നേരിട്ട തിരിച്ചടി മധ്യവര്‍ത്തികളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. വിപണിവില ഉയരുമെന്ന നിഗമനത്തില്‍ ചരക്കു സംഭരിച്ചവര്‍ സ്റ്റോക്ക് വിറ്റുമാറി. തുടര്‍ച്ചയായ രണ്ടാം വാരമാണ് വില ഇടിച്ച് ടയര്‍ കമ്പനികള്‍ ഷീറ്റ് എടുത്തത്. ടാപ്പിംഗ് ഓണാഘോഷങ്ങള്‍ക്ക് ശേഷം മാത്രമേ പുനരാരംഭിക്കൂ. താത്കാലികമായി വില്പന സമ്മര്‍ദം ചുരുങ്ങുമെന്നത് റബര്‍ വിപണിയുടെ തിരിച്ചുവരവിന് അവസരമൊരുക്കുമെന്ന് ഒരു വിഭാഗം കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
ചൈനീസ് വിപണിയായ ഷാങ്ഹായില്‍ റബര്‍വില ഉയര്‍ന്നത് ഏഷ്യന്‍ മാര്‍ക്കറ്റുകളെ ശക്തിപ്പെടുത്തുമെന്ന പ്രതീക്ഷയുമുണ്ട്. ടോക്കോമില്‍ റബര്‍ മൂന്നാഴ്ചയിലെ ഉയര്‍ന്ന റേഞ്ചിലേക്ക് അടുത്തെങ്കിലും 160 യെന്നിലെ പ്രതിരോധം മറികടക്കാന്‍ റബറിനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."