ആശാ വർക്കർമാരുടെ വേതന വർധനവ് വെറും 3000 രൂപ, 'മല എലിയെ പ്രസവിച്ചതുപോലെ ആയിപ്പോയി'; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ.എൻ. ബാലഗോപാൽ
തിരുവനന്തപുരം: ആശാ വർക്കർമാരുടെ വേതന വർധനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും യു.ഡി.എഫ് സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനമന്ത്രിയും കൊട്ടാരക്കര എം.എൽ.എയുമായ കെ.എൻ. ബാലഗോപാൽ. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നൽകിയ വാഗ്ദാനങ്ങൾ അധികാരത്തിൽ വന്നപ്പോൾ മുഖ്യമന്ത്രി മറന്നുവെന്നും, നിലവിലെ വേതന വർധനവ് 'മല എലിയെ പ്രസവിച്ചതുപോലെ' ആയിപ്പോയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.
ആശാ പ്രവർത്തകരുടെ സമരകാലത്ത് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശൻ നടത്തിയ പ്രഖ്യാപനങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു ബാലഗോപാലിന്റെ വിമർശനം.
മുൻ എൽ.ഡി.എഫ് സർക്കാരുകളുടെ കണക്കുകൾ നിരത്തി വിമർശനം
തങ്ങൾ അധികാരത്തിൽ എത്തിയാൽ ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാ വർക്കർമാരുടെ ആവശ്യങ്ങൾ നടപ്പിലാക്കുമെന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അധികാരമേറ്റ ശേഷം വെറും 3000 രൂപയുടെ വർധനവ് മാത്രമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടി.
"ആശാപ്രവർത്തകരുടെ ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടാണ് സെക്രട്ടറിയേറ്റിനു മുന്നിൽ മാസങ്ങളോളം സമരം നടന്നത്. എന്നാൽ അധികാരത്തിൽ എത്തിയതോടെ മുഖ്യമന്ത്രി കൈക്കൊണ്ട നടപടി തികച്ചും നിരാശാജനകമാണ് എന്ന് കെ.എൻ. ബാലഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരുകൾ ആശാ വർക്കർമാർക്ക് നൽകിയ ആനുകൂല്യങ്ങളും അദ്ദേഹം തന്റെ കുറിപ്പിൽ അക്കമിട്ട് നിരത്തുന്നുണ്ട്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ രണ്ടുതവണയായി 2000 രൂപയുടെ വർദ്ധനവ് ആശാപ്രവർത്തകരുടെ വേതനത്തിൽ ഇടതു സർക്കാർ വരുത്തിയിരുന്നു.
രണ്ടാം പിണറായി സർക്കാർ മാത്രം 3000 രൂപയുടെ ആകെ വർദ്ധനവ് ആശാപ്രവർത്തകർക്ക് നൽകി. ഇതിനൊപ്പം അംഗൻവാടി, പ്രീ പ്രൈമറി, സ്കൂൾ പാചക തൊഴിലാളി, കരാർ ജീവനക്കാർ തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കും ഇതേ നിരക്കിൽ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു നൽകിയിരുന്നു.
ഒന്നാം പിണറായി സർക്കാർ ചുമതലയേൽക്കുമ്പോൾ വെറും 1000 രൂപയായിരുന്ന ആശാ പ്രവർത്തകരുടെ ഓണറേറിയം, രണ്ടാം പിണറായി സർക്കാർ ചുമതല ഒഴിയുമ്പോൾ 9000 രൂപയായി വർദ്ധിപ്പിച്ചു. അതായത്, 8,000 രൂപയുടെ ആകെ വർദ്ധനവാണ് ഇടതുഭരണകാലത്ത് നൽകിയത്.
വി.എസ് അച്യുതാനന്ദൻ സർക്കാർ ചുമതല ഒഴിയുമ്പോൾ 500 രൂപയായിരുന്ന ആശ ഓണറേറിയം വർദ്ധിപ്പിക്കാൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടന്ന സമരം കേരളം മറന്നിട്ടില്ലെന്ന് ബാലഗോപാൽ ഓർമ്മിപ്പിച്ചു. അഞ്ച് വർഷത്തെ ഭരണത്തിനൊടുവിൽ അന്ന് വെറും 500 രൂപയുടെ വർദ്ധനവ് മാത്രമാണ് ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ചതെന്നും, ഇതാണ് യു.ഡി.എഫിന്റെ യഥാർത്ഥ മുഖമെന്നും മുൻ ധനമന്ത്രി കുറ്റപ്പെടുത്തി.
In a sharp political attack, Finance Minister K.N. Balagopal mocked the Chief Minister regarding the meager wage increase for Asha workers. He pointed out that the current hike is just ₹3,000, questioning what happened to the grand promises the Chief Minister had made back when he served as the Leader of the Opposition.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."