അഡ്വ. ടി.ആസഫ് അലി: പോരാട്ടങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത പോരാളി
പാനൂർ(കണ്ണൂർ): യു.ഡി.എഫ് സർക്കാരിൽ നിയമ രംഗത്തെ നിർണായക സ്ഥാനത്തേക്ക് അഡ്വ. ടി.ആസഫ് അലി വീണ്ടും എത്തുന്നു. ചൊക്ലി പെരിങ്ങാടി സ്വദേശിയായ അദ്ദേഹം നിയമപോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലാത്ത പോരാളിയായാണ്. ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായിരുന്ന അദ്ദേഹം സതീശൻ മന്ത്രിസഭയിലും സുപ്രധാന ചുമതലയിലേക്കെത്തുന്നതോടെ ക്രിമിനൽ കേസുകളിൽ കുറ്റവാളികൾക്ക് അർഹമായ ശിക്ഷ വാങ്ങി നൽകുന്നതിൽ മുഖ്യനാവും.
പ്രോസിക്യൂഷൻ ചരിത്രത്തിലും നിയമവഴിയിലും അവഗാഹമുള്ള അദ്ദേഹത്തിന്റെ നിയമനം വലിയ പ്രതീക്ഷയോടെയാണ് നിയമവൃത്തങ്ങളും രാഷ്ട്രീയ കേന്ദ്രങ്ങളും വീക്ഷിക്കുന്നത്. മുൻകാലങ്ങളിൽ നിരവധി ക്രിമിനൽ കേസുകളിൽ കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി നൽകുന്നതിൽ മുഖ്യപങ്ക് വഹിച്ച വ്യക്തിത്വത്തെയാണ് വീണ്ടും സർക്കാർ ആ പദവിയിലേക്ക് എത്തിച്ചിരിക്കുന്നത്.
ക്രിമിനൽ കേസുകളിലെ സർക്കാർ വാദങ്ങളുടെ ഏകോപനം, ഹൈക്കോടതിയിലടക്കം പ്രോസിക്യൂഷൻ നിലപാടുകൾ രൂപപ്പെടുത്തൽ, പൊതു പ്രോസിക്യൂട്ടർമാരുടെ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകൽ തുടങ്ങി നിർണായക ചുമതലകളാണ് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ പദവിക്കുള്ളത്. നിയമരംഗത്തെ പരിചയസമ്പത്തും രാഷ്ട്രീയഭരണപരമായ വിഷയങ്ങളിലെ ഇടപെടലുകളും ടി.ആസഫ് അലിയെ സംസ്ഥാന രാഷ്ട്രീയത്തിലും നിയമലോകത്തും സുപരിചിതനാക്കി.
കോൺഗ്രസിന്റെ നിയമ പോരാട്ടങ്ങളിലെ പ്രധാന മുഖങ്ങളിലൊരാളായ അദ്ദേഹം നിരവധി രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളിൽ പാർട്ടിക്കുവേണ്ടി ഹാജരായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."