ആ പ്രഖ്യാപനം 60 ലക്ഷത്തിൻ്റെ പ്രതീക്ഷ; വയോജനവകുപ്പിൽ നടപ്പാക്കുക ജപ്പാൻ മോഡൽ
കൊച്ചി: മുതിർന്നവരുടെ പരിപാലനത്തിന് പ്രത്യേക വയോജനവകുപ്പ് രൂപീകരിക്കുമെന്ന മുഖ്യമന്ത്രി വി.ഡി സതീശൻ്റെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച് അറുപത് കഴിഞ്ഞ 60 ലക്ഷത്തോളം മനുഷ്യർ. ജനസംഖ്യയുടെ 16.5ശതമാനം മുതൽ 18.7ശതമാനം വരെയാണ് വയോധികർ.
പ്രായമായവരെ മക്കൾപോലും പുറത്താക്കുമ്പോൾ ഇത്തരക്കാർ പേറുന്ന ദുരിതത്തിന്കൈയും കണക്കുമില്ല. വൃദ്ധസദനങ്ങളാണ് പലപ്പോഴും അഭയമേകുന്നത്. വയോധികരുടെ എണ്ണം വർധിച്ചുവന്ന പശ്ചാത്തലത്തിൽ 2025ൽ വയോജനനയം രൂപീകരിച്ചെങ്കിലും പ്രാവർത്തികമായില്ല. എന്നാൽ വയോജനങ്ങൾക്കായി ലോകോത്തര നിലവാരത്തിലുള്ള ജപ്പാൻ മോഡൽ പരിപാലനം നടപ്പാക്കുമെന്ന പ്രഖ്യാപനമാണ് ഇവർക്ക് പ്രതീക്ഷ നൽകുന്നത്. ലോങ് ടേം കെയർ ഇൻഷുറൻസ് പദ്ധതിയാണ് ജപ്പാൻ്റെ വയോജന പരിപാലനത്തിൽ മുഖ്യ ആകർഷണം.
ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ ഇൻഷുറൻസ് പദ്ധതിയിലൂടെ 90ശതമാനം ചികിത്സാചെലവും സർക്കാരാണ് ജപ്പാനിൽ വഹിക്കുന്നത്. ഇത്തരത്തിൽ ഒരു പദ്ധതി നടപ്പായാൽ മരുന്ന് വാങ്ങാൻ കഴിയാതെ വഴിയോരങ്ങളിലൊക്കെ കഴിയുന്നവർക്ക് ഏറെ ഗുണകരമാകുമെന്നാണ് വിദഗ്ധർപറയുന്നത്.
മുതിർന്ന പൗരൻ്റെ ശാരീരികാവസ്ഥ കൃത്യമായി പരിശോധിച്ച് അവർക്ക് ആവശ്യമായ പരിചരണം നൽകൽ, വയോജകർക്കായി ഡേ കെയറുകൾ, ഹ്രസ്വകാല താമസ സൗകര്യങ്ങൾ എന്നിവ ഒരുക്കുക, കിടപ്പിലായ രോഗികളെ മാറ്റാനും മറ്റും സഹായിക്കുന്ന കെയർ റോബോട്ടുകൾ, മറവിരോഗം നേരത്തെ തിരിച്ചറിയാനും ചികിത്സിച്ച് ഭേദമാക്കാനും പദ്ധതി, സമൂഹത്തിൽ ഒറ്റപ്പെടാതിരിക്കാൻ പ്രത്യേക സംവിധാനം തുടങ്ങി നിരവധി പദ്ധതികളാണ് ജപ്പാനിൽ വയോധികർക്കായി നടപ്പാക്കിയിരിക്കുന്നത്. മികച്ച ജീവിതപശ്ചാത്തലം തങ്ങൾക്കും ഒരുങ്ങുമെന്ന പ്രതീക്ഷയിലാണ് വയോധികർ.
കേരളത്തിൽ 60കഴിഞ്ഞ സ്ത്രീകളുടെ ആയുർദൈർഘ്യം 22 വർഷമായതിനാൽ എണ്ണത്തിൽ സ്ത്രീകളാണ് കൂടുതൽ. 60 കഴിഞ്ഞ പുരുഷന്മാരുടെ ആയുർദൈർഘ്യം18 വർഷവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."