അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; നിര്‍ണായക ഉത്തരവുമായി സുപ്രിംകോടതി
ന്യൂഡല്‍ഹി: മനുഷ്യജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളില്‍ ആവശ്യമെങ്കില്‍ അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാന്‍ അനുമതി നല്‍കി സുപ്രിംകോടതി.
സ്‌കൂളുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹൈവേകൾ തുടങ്ങിയ പൊതു ഇടങ്ങളിൽനിന്ന് തെരുവ് നായ്ക്കളെ നീക്കം ചെയ്യുന്നതിനും മാറ്റിപ്പാർപ്പിക്കുന്നതിനുമായി പുറപ്പെടുവിച്ച മുൻ ഉത്തരവിൽ ഭേദഗതി വരുത്താൻ സുപ്രിം കോടതി വിസമ്മതിച്ചു. 2025 നവംബർ 7ന് പുറപ്പെടുവിച്ച നിർദ്ദേശങ്ങളിൽ മാറ്റം വേണമെന്നാവശ്യപ്പെട്ടുള്ള എല്ലാ ഹരജികളും കോടതി തള്ളി.
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വർദ്ധിച്ചുവരുന്ന തെരുവ് നായ ആക്രമണങ്ങളിൽ സ്വമേധയാ എടുത്ത കേസിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
സ്ഥാപന പരിസരങ്ങളിൽനിന്ന് മാറ്റുന്ന തെരുവ് നായ്ക്കളെ അതേ പ്രദേശങ്ങളിലേക്ക് തിരികെ വിടരുതെന്ന മുൻ നിർദ്ദേശവും കോടതി തുടരാൻ തീരുമാനിച്ചു. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കിയ മാനദണ്ഡങ്ങൾക്കെതിരായ ഹരജികളും കോടതി തള്ളി. പൊതുസുരക്ഷയും മൃഗക്ഷേമവും തമ്മിൽ സന്തുലിതാവസ്ഥ ഉറപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മാർഗ്ഗനിർദ്ദേശങ്ങളെന്ന് കോടതി വ്യക്തമാക്കി.
2001ലെ മൃഗ ജനന നിയന്ത്രണ (എബിസി) ചട്ടങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിൽ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പരാജയപ്പെട്ടതായി സുപ്രീം കോടതി വിമർശിച്ചു. വന്ധ്യംകരണവും വാക്‌സിനേഷനും പല സംസ്ഥാനങ്ങളിലും ഫലപ്രദമല്ലാത്ത രീതിയിലാണ് നടക്കുന്നതെന്നും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ദീർഘകാല പദ്ധതികളും ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ ഒരു മാസത്തിനിടെ ആയിരത്തിലധികം നായ്ക്കളുടെ കടിയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്തതായി ബെഞ്ച് പരാമർശിച്ചു. തമിഴ്‌നാട്ടിൽ ഈ വർഷത്തെ ആദ്യ നാല് മാസങ്ങളിൽ ഏകദേശം രണ്ട് ലക്ഷം നായ്ക്കളുടെ കടിയേറ്റ കേസുകൾ രേഖപ്പെടുത്തിയതായും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യം പൊതുജനാരോഗ്യ പ്രശ്‌നങ്ങൾ രൂക്ഷമാക്കുന്നതായി കോടതി വിലയിരുത്തി.
2025 നവംബറിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഹൈവേകളും സ്ഥാപന പരിസരങ്ങളും തെരുവ് മൃഗങ്ങളിൽനിന്ന് സുരക്ഷിതമാക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ദേശീയപാത അതോറിറ്റിക്കും നിർദേശം നൽകിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും ചുറ്റും എട്ട് ആഴ്ചയ്ക്കകം വേലി സ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.
ചൊവ്വാഴ്ച്ചയിലെ വിധിയോടെ ഈ നിർദ്ദേശങ്ങളെല്ലാം പ്രാബല്യത്തിൽ തുടരും. രാജ്യത്ത് തെരുവ് നായ ശല്യം വലിയ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് നിലപാട് വ്യക്തമാക്കി സുപ്രീംകോടതി രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."