ഇസ്റാഈലിനുള്ള യു.എസ് സഹായത്തെ ഭൂരിഭാഗം അമേരിക്കക്കാരും എതിർക്കുന്നു: ന്യൂയോർക്ക് ടൈംസ് സർവേ
വാഷിങ്ടൺ: ഇസ്റാഈലിന് യു.എസ് ഭരണകൂടം നൽകിവരുന്ന സാമ്പത്തിക-സൈനിക സഹായങ്ങളെ ഭൂരിപക്ഷം അമേരിക്കൻ പൗരന്മാരും എതിർക്കുന്നതായി റിപ്പോർട്ട്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ 'ദി ന്യൂയോർക്ക് ടൈംസും' സിയീന റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ പുതിയ സർവേയിലാണ് ഈ കണ്ടെത്തൽ. അമേരിക്കയിലെ 51 ശതമാനം ആളുകളും ഇസ്റാഈലിന് സഹായം നൽകുന്നതിനെ ശക്തമായി എതിർത്തപ്പോൾ, 37 ശതമാനം പേർ മാത്രമാണ് അനുകൂലിച്ചത്.
ഫലസ്തീൻ ജനതയോടുള്ള അനുഭാവം അമേരിക്കൻ സമൂഹത്തിൽ വർധിച്ചുവരുന്നതായും സർവേ വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്തവരിൽ 37 ശതമാനം പേർ ഫലസ്തീനനുകൂല നിലപാട് സ്വീകരിച്ചപ്പോൾ, ഇസ്റാഈലിനെ പിന്തുണച്ചത് 35 ശതമാനം പേർ മാത്രമാണ്. മേയ് 11 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ പ്രായപൂർത്തിയായ 1500 അമേരിക്കൻ പൗരന്മാർക്കിടയിലാണ് സർവേ സംഘടിപ്പിച്ചത്.
മാറുന്ന യു.എസ് ജനവികാരം:
മുൻപ് പ്രമുഖ റിസർച്ച് ഏജൻസിയായ 'ഗാലപ്' നടത്തിയ സർവേയിലും സമാനമായ മാറ്റങ്ങൾ പ്രകടമായിരുന്നു. അന്ന് 41 ശതമാനം പേർ ഫലസ്തീനെയും 36 ശതമാനം പേർ ഇസ്റാഈലിനെയും പിന്തുണച്ചിരുന്നു. ഈ പ്രവണത കൂടുതൽ ശക്തമാകുന്നതായാണ് പുതിയ സർവേ അടിവരയിടുന്നത്.
അമേരിക്കയിലുടനീളം ക്യാമ്പസുകളിലും തെരുവുകളിലും തുടരുന്ന ഫലസ്തീൻ അനുകൂല പ്രക്ഷോഭങ്ങളാണ് ജനങ്ങളുടെ ചിന്താഗതിയിലുണ്ടായ ഈ വലിയ മാറ്റത്തിന് പിന്നിലെന്ന് സർവേ ഏജൻസികൾ വിലയിരുത്തുന്നു. യു.എസിലെ രാഷ്ട്രീയ-മാധ്യമ രംഗങ്ങളിൽ നിലനിൽക്കുന്ന ശക്തമായ ഇസ്റാഈൽ അനുകൂല ലോബീ സ്വാധീനങ്ങളെയും നിയന്ത്രണങ്ങളെയും ജനകീയ പ്രതിരോധത്തിലൂടെ മറികടക്കാൻ ഇത്തരം പ്രക്ഷോഭങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."