'ഗുരുവിനെ' വീഴ്ത്തി ടീമിലേക്ക്! ഐപിഎല്ലിൽ കോഹ്‌ലിയെ ഞെട്ടിച്ച എൽഎസ്ജിയുടെ പ്രിൻസ് യാദവ് ഇനി ഇന്ത്യൻ ഏകദിന ടീമിൽ
ലഖ്‌നൗ: വിരാട് കോഹ്‌ലിയോട് ഉപദേശം തേടി നടന്ന ഒരു യുവ ബൗളർ, ഒടുവിൽ അതേ കോഹ്‌ലിയെ ഐപിഎല്ലിൽ ക്ലീൻ ബൗൾഡാക്കി വിസ്മയിപ്പിച്ചു! തൊട്ടുപിന്നാലെ ഇതാ ഇന്ത്യൻ ജേഴ്സിയിലുള്ള തന്റെ ആദ്യ വിളിയും സ്വന്തമാക്കിയിരിക്കുകയാണ് നജഫ്ഗഡിൽ നിന്നുള്ള പ്രിൻസ് യാദവ്. അഫ്ഗാനിസ്ഥാനെതിരെ ജൂണിൽ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ (LSG) ഈ യുവ സ്പീഡ് സ്റ്റാർ ഇടംപിടിച്ചിരിക്കുന്നത്.
ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും തിരിച്ചെത്തിയപ്പോൾ, ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെ പ്രിൻസ് യാദവിനൊപ്പം ഗുർണൂർ ബ്രാറും ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മോശം ഫോമിലുള്ള ജസ്പ്രീത് ബുംറയ്ക്ക് പരമ്പരയിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്.
ഐപിഎല്ലിൽ മിന്നും ഫോം; ആഭ്യന്തര ക്രിക്കറ്റിലും തിളക്കം
ഐപിഎൽ 2026 സീസണിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് വേണ്ടി 12 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകളാണ് പ്രിൻസ് വീഴ്ത്തിയത്. 24 എന്ന മികച്ച ശരാശരിയിലാണ് ഈ വിക്കറ്റ് നേട്ടം.
ഐപിഎല്ലിന് പുറമെ ആഭ്യന്തര ക്രിക്കറ്റിലും മികച്ച ട്രാക്ക് റെക്കോർഡാണ് പ്രിൻസിനുള്ളത്. 2025–26 വിജയ് ഹസാരെ ട്രോഫിയിൽ 19.27 ശരാശരിയിൽ 18 വിക്കറ്റുകൾ നേടി താരം അഞ്ചാം സ്ഥാനത്ത് എത്തിയിരുന്നു.
'കോഹ്‌ലി നൽകിയ ഉപദേശം, കോഹ്‌ലിക്കെതിരെ തന്നെ!'
വിജയ് ഹസാരെ ട്രോഫിക്കിടെ വിരാട് കോഹ്‌ലിയെ കണ്ട് സംസാരിച്ചതും ഉപദേശങ്ങൾ തേടിയതുമാണ് പ്രിൻസിന്റെ കരിയറിലെ വഴിത്തിരിവ്. ആർസിബി പോഡ്‌കാസ്റ്റിൽ പ്രിൻസിനെക്കുറിച്ച് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ:
"വിജയ് ഹസാരെ മത്സരങ്ങളിൽ എനിക്ക് പ്രിൻസിനെ അറിയില്ലായിരുന്നു. മൈതാനത്ത് അവൻ വളരെ അഗ്രസീവ് ആണ്, എന്നാൽ പുറത്ത് വളരെ തമാശക്കാരനും മധുരമായി പെരുമാറുന്നയാളുമാണ്. ഇഷാന്ത് ശർമ്മയ്ക്കൊപ്പം ചേർന്നാണ് ഞങ്ങൾ സംസാരിക്കുന്നത്. മിഡ്-ഓഫിലും കവർ പൊസിഷനിലും നിൽക്കുമ്പോൾ എവിടെ പന്തെറിയണം, എങ്ങനെ എറിയണം എന്ന് ഞാൻ അവന് പറഞ്ഞു കൊടുക്കുമായിരുന്നു. പരിചയസമ്പത്ത് പങ്കുവെക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിന്റെ നിലവാരം ഉയർത്താൻ സഹായിക്കും." മെന്ന് വിരാട് കോഹ്‌ലി
എന്നാൽ ഐപിഎല്ലിൽ വിരാട് കോഹ്‌ലി നൽകിയ അതേ 'ലൈൻ ആൻഡ് ലെങ്ത്' ഉപദേശം ഉപയോഗിച്ച് പ്രിൻസ് കോഹ്‌ലിയെത്തന്നെ പൂജ്യത്തിന് പുറത്താക്കിയത് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരുന്നു.
ലോകകപ്പ് സ്വപ്നം; ആദ്യ ചുവടുവെയ്പ്പ്
രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്‌ലിക്കുമൊപ്പം ഇന്ത്യക്കായി ഒരു ലോകകപ്പ് കളിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പ്രിൻസ് യാദവ് അടുത്തിടെ എൽഎസ്ജി പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.
"എനിക്ക് രോഹിത് ഭായിക്കും വിരാട് ഭായിക്കുമൊപ്പം 2027 ലോകകപ്പ് കളിക്കണം. അവർക്കായി അത് നേടിക്കൊടുക്കണം." പ്രിൻസ് യാദവ് പറഞ്ഞിരുന്നു
ഈ കന്നിവിളിയിലൂടെ ആ വലിയ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണ് പ്രിൻസ്.
ഇന്ത്യ-അഫ്ഗാനിസ്ഥാൻ ഏകദിന പരമ്പര
ജൂൺ 14-ന് ധർമ്മശാലയിലാണ് ആദ്യ ഏകദിനം. ബാക്കി രണ്ട് മത്സരങ്ങൾക്ക് ലഖ്‌നൗവും ചെന്നൈയും ആതിഥേയത്വം വഹിക്കും.
ഇന്ത്യൻ ഏകദിന ടീം:
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, പ്രിൻസ് യാദവ്, ഗുർണ്ണൂർ ബ്രാർ, ഹർഷ് ദുബെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."