സോഷ്യൽ മീഡിയയിൽ എങ്ങും 'പൂക്കി സിഎം'; വൈറൽ ഭാവത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഒന്നടങ്കം തരംഗമായി മാറിയ തന്റെ 'പൂക്കി' ആക്ഷന് പിന്നിലെ കഥ വെളിപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ ഭാവവും മറുപടിയുമാണ് കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ വൈറലായത്. തന്റെ മക്കളുടെ പ്രായമുള്ള ഒരു ചെറുപ്പക്കാരനോട് തോന്നിയ വാത്സല്യം കൊണ്ടാണ് അങ്ങനെയൊരു ഭാവം വന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നതിന് തലേന്ന് നടത്തിയ വാർത്താസമ്മേളനത്തിനിടയിലാണ് സംഭവം. ഭരണപരമായ ഗൗരവമേറിയ ചോദ്യങ്ങൾക്കിടയിലാണ് അപ്രതീക്ഷിതമായി വാഹന മോഡിഫിക്കേഷൻ നിയമവിധേയമാക്കുമോ എന്ന ചോദ്യം ഉയർന്ന് വന്നത്. ചോദ്യം കേട്ടയുടൻ മുഖ്യമന്ത്രി മുഖത്ത് വരുത്തിയ രസകരമായ എക്‌സ്പ്രഷനും ചിരിയും നിമിഷനേരം കൊണ്ടാണ് യുവതലമുറ ഏറ്റെടുത്തത്. ഇൻസ്റ്റാഗ്രാം റീലുകളിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും ഈ വീഡിയോയുടെ നിരവധി റീക്രിയേഷനുകളാണ് പ്രത്യക്ഷപ്പെട്ടത്.
വൈറലായ വീഡിയോയെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ കുശലാന്വേഷണത്തിനാണ് തമാശരൂപേണ മുഖ്യമന്ത്രി മറുപടി നൽകിയത്:
"ഒരു പയ്യനാണ് അതെന്നോട് ചോദിച്ചത്. അവന്റെ മുഖവും പെരുമാറ്റവുമൊക്കെ കണ്ടപ്പോൾ ഒരു വാത്സല്യം തോന്നി. 'പേടിക്കേണ്ടടാ, ശരിയാക്കാം' എന്ന മട്ടിൽ കാണിച്ചതാണ്. ചെറുപ്പക്കാർക്കിടയിലുള്ള ഒരു ആഗ്രഹമല്ലേ അത്. നമ്മൾ മക്കളോടൊക്കെ കാണിക്കുന്നത് പോലെ കാണിച്ച ഒരു ഭാവമാണത്. ഇന്നലെ രാത്രി മോളാണ് എനിക്ക് ഈ വീഡിയോ കാണിച്ചുതന്നത്." എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഈ റീൽസ് ഭാവം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. 'ചിരിക്കാനറിയുന്ന മുഖ്യമന്ത്രി', 'പൂക്കി മുഖ്യമന്ത്രി', 'ആ ചിരിയിൽ പോസിറ്റീവ് എനർജിയുണ്ട്' എന്നിങ്ങനെ നീളുന്നു യുവജനങ്ങളുടെ കമന്റുകൾ. ജനങ്ങളോട് ചേർന്നുനിൽക്കുന്ന, ട്രെൻഡുകൾക്കൊപ്പം സഞ്ചരിക്കുന്ന പുതിയ മുഖ്യമന്ത്രിയുടെ ഭാവം ഇതിനോടകം തന്നെ സൈബർ ഇടങ്ങളിൽ സൂപ്പർഹിറ്റായി കഴിഞ്ഞു.
Chief Minister V.D. Satheesan has won the internet with a warm and candid expression during a press conference. When asked about legalizing vehicle modifications, his affectionate, smiling response quickly went viral, earning him the nickname "Pookkie CM" among youth on social media.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."