തോൽവിക്ക് പിന്നാലെ സി.പി.എമ്മിൽ കലഹം; പിണറായിക്കും ഗോവിന്ദനുമെതിരേ രൂക്ഷവിമർശനം; കവചമൊരുക്കി സ്വരാജ്, ഒളിയമ്പെയ്ത് ശ്രീമതി
തിരുവനന്തപുരം: സി.പി.എമ്മിൽ നേതൃത്വത്തിനെതിരേ രൂക്ഷവിമർശനം ഉയരുമ്പോഴും പിണറായി വിജയന് സംരക്ഷണ കവചമൊരുക്കാനും ഒളിയമ്പെയ്യാനും നേതാക്കൾ രംഗത്ത്. ജില്ലാ കമ്മിറ്റി യോഗങ്ങളിലാണ് നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനം ഉയരുന്നത്. ഇടുക്കി,ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം, കണ്ണൂർ ജില്ലാകമ്മിറ്റികളിൽ സംസ്ഥാന നേതൃത്വത്തിന് എതിരേ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഉടുമ്പൻചോലയിൽ എം.എം മണിയെ സ്ഥാനാർഥിയാക്കാത്തത് നേതൃത്വം ഇടപെട്ടാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്തെ മത്സരിപ്പിക്കാൻ മണിയെ മാറ്റിയത് തിരിച്ചടിയായെന്നും വിമർശനമുയർന്നു.
മറ്റുള്ളവർക്ക് രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് നൽകിയപ്പോഴും എം.എം മണിയെ തഴഞ്ഞത് ആശയക്കുഴപ്പത്തിന് കാരണമായി. ഉടുമ്പൻചോലയിലെ തോൽവിക്ക് എസ്.ഐ.ആറും കാരണമായി. കേരള കോൺഗ്രസ് വോട്ടുകൾ ചോർന്നതാണ് റോഷി അഗസ്റ്റിന്റെ തോൽവിയിലേക്ക് നയിച്ചത്. പീരുമേട്ടിൽ ചില സി.പി.ഐ നേതാക്കൾ വിട്ടു നിന്നു. അതേസമയം, തിരുവനന്തപുരം ജില്ലാകമ്മിറ്റിയിൽ കണ്ണൂർ ജില്ലാ കമ്മിറ്റിക്കെതിരേയും രൂക്ഷ വിമർശനമാണ് ഉയർന്നത്. കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ച് വിടണമെന്നാണ് അംഗങ്ങൾ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പിൽ തകർന്നടിയാൻ കാരണം കണ്ണൂർ പാർട്ടിയിലെ പ്രശ്‌നങ്ങളാണ്. എം.വി ഗോവിന്ദനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യമുയർന്ന യോഗത്തിൽ പിണറായി ശൈലിക്കെതിരേയും അതിരൂക്ഷ വിമർശനമാണ് ഉണ്ടായത്.ഇതിനിടെ, പാർട്ടി പിണറായി വിജയനെതിരേ വിമർശനമുയരുന്ന പശ്ചാത്തലത്തിൽ ഒളിയമ്പുമായി കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതി രംഗത്തെത്തി. തിരുത്താൻ ബാധ്യസ്ഥരായവർ തിരുത്തണമെന്നായിരുന്നു ശ്രീമതിയുടെ പ്രതികരണം.
ഏതെങ്കിലും ഒരു വ്യക്തിയെ തകർക്കുക എന്നതല്ലെന്നും പാർട്ടി പ്രവർത്തകർ തിരുത്തുമ്പോൾ അംഗീകരിക്കുകയെന്നതാണെന്നും അവർ സ്വകാര്യ ചാനലിനോട് പറഞ്ഞു.പിണറായി തിരുത്തണമെന്ന് പറയാൻ താൻ ആളല്ല. ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയെ തിരുത്താൻ കഴിയില്ലെന്നും കമ്മിറ്റികളാണ് തിരുത്തൽ നിർദേശിക്കേണ്ടതെന്നും അവർ പറഞ്ഞു. എന്നാൽ പിണറായിക്കെതിരായ കവചമൊരുക്കി എം.സ്വരാജ് രംഗത്തുവന്നു. വിമർശനങ്ങൾ മുൻ മുഖ്യമന്ത്രിയിലേക്ക് മാത്രം ചുരുങ്ങരുത്. ഏതെങ്കിലും ഒരു വ്യക്തിയിലേക്ക് മാത്രം ചുരുങ്ങേണ്ടതല്ല ജയ പരാജയങ്ങൾ. യാഥാർഥ്യബോധമില്ലാത്ത വിലയിരുത്തലാണ് അതെന്നും സ്വരാജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ഏതെങ്കിലും വ്യക്തിക്ക് പറ്റിയ വീഴ്ചയാണ് തോൽവിക്ക് കാരണമെന്ന് വിലയിരുത്തുന്നത് ശരിയല്ല. യഥാർഥ കമ്മ്യൂണിസ്റ്റുകാരെ ഈ വിമർശനങ്ങൾ ഒന്നും ബാധിക്കുന്നില്ലെന്നും സ്വരാജ് പറഞ്ഞു.
after the defeat, conflict erupts in the cpm; sharp criticism against pinarayi and govindan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."