രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ധനമന്ത്രി നിർമല സീതാരാമനെ കാണാനില്ലെന്ന പരിഹാസവുമായി കോൺഗ്രസ്
ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവും ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും മോദി സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. ധനമന്ത്രി നിർമല സീതാരാമനെ 'കാണ്മാനില്ലെ'ന്നും, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ മാത്രമാണ് അവർ പ്രത്യക്ഷപ്പെടുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. മോദി സർക്കാരിന്റെ തെറ്റായ നയങ്ങളാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ തകർത്തതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
രാജ്യത്ത് ശക്തമായ സാമ്പത്തിക കൊടുങ്കാറ്റ് വീശിയടിക്കാൻ പോവുകയാണെന്നും ഭരണമാറ്റമില്ലാതെ വിലക്കയറ്റം നിയന്ത്രിക്കാനാകില്ലെന്നും കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, കേന്ദ്ര നയങ്ങൾ സാധാരണക്കാർക്ക് വേണ്ടിയുള്ളതാണെന്നും ജൻധൻ, മുദ്ര യോജന അക്കൗണ്ടുകൾ അദാനിമാർക്കും അംബാനിമാർക്കും വേണ്ടിയുള്ളതാണോ എന്നും ചോദിച്ച് ധനമന്ത്രി എക്സിൽ (ട്വിറ്റർ) കുറിച്ചിരുന്നു. ഇതിന് മറുപടിയായാണ് 'കാണാതായ മന്ത്രി' എന്ന പ്രയോഗവുമായി കോൺഗ്രസ് രംഗത്തെത്തിയത്.
കണക്കുകൾ നിരത്തി പ്രതിപക്ഷം
കേന്ദ്ര പദ്ധതികളുടെ പൊള്ളത്തരം വ്യക്തമാക്കാൻ വ്യക്തമായ കണക്കുകളാണ് കോൺഗ്രസ് പുറത്തുവിട്ടത്. ധനമന്ത്രി അവകാശപ്പെടുന്ന 58 കോടി ജൻധൻ അക്കൗണ്ടുകളിൽ 15 കോടിയും (26 ശതമാനത്തിലധികം) നിർജീവമാണ്. ഇതിൽ 62 ശതമാനം അക്കൗണ്ടുകളിലും 1000 രൂപയിൽ താഴെ മാത്രമാണ് നീക്കിയിരിപ്പുള്ളത്.
മുദ്ര യോജന പദ്ധതിക്ക് കീഴിലുള്ള നിഷ്ക്രിയ ആസ്തി (NPA) 10 ശതമാനം കടന്നു. ഇതിൽ യാതൊരു സുതാര്യതയുമില്ല.
പി.എം ഇന്റേൺഷിപ്പ് പദ്ധതി പ്രകാരം ആദ്യ ഘട്ടം പൂർത്തിയാക്കിയത് വെറും 7.34 ശതമാനം പേർ മാത്രമാണ്. 41 ശതമാനം പേരും പദ്ധതി പകുതിക്ക് വെച്ച് ഉപേക്ഷിച്ചു. ബജറ്റ് വിഹിതത്തിന്റെ 0.6 ശതമാനം മാത്രമാണ് ഇതിനായി ചെലവഴിച്ചത്. "ലക്ഷ്പതി ദീദിമാരെക്കുറിച്ച് സംസാരിക്കുന്ന ധനമന്ത്രി, രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകൾക്ക് മുന്നിൽ ഇന്ന് 'കാണാതായ ദീദി'യായി മാറിയിരിക്കുകയാണ്," എന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്ത് ഇന്ധനവിലയിൽ വൻ വർധനവാണുണ്ടായത്. പെട്രോൾ വിലയിൽ 38 ശതമാനവും ഡീസൽ വിലയിൽ 62 ശതമാനവും വർധനവുണ്ടായി. 2014-ൽ 414 രൂപയായിരുന്ന എൽ.പി.ജി സിലിണ്ടറിന്റെ വില ഇന്ന് 121 ശതമാനം വർധിച്ച് 915 രൂപയിലെത്തി. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നിലവിൽ 15 ശതമാനം കടന്നതായും കോൺഗ്രസ് ആരോപിക്കുന്നു.
ലക്ഷ്യങ്ങൾ മാറ്റുന്ന പ്രധാനമന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എപ്പോഴും ലക്ഷ്യങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്ന ശീലമാണുള്ളതെന്ന് കോൺഗ്രസ് പരിഹസിച്ചു. ആദ്യം 60 ദിവസങ്ങൾ ചോദിച്ചു, പിന്നീട് 60 മാസങ്ങൾ, ഇപ്പോൾ 2047 വരെയുള്ള സമയമാണ് ചോദിക്കുന്നത്. 2047-ലെ വികസിത ഇന്ത്യയെന്ന സ്വപ്നം വിൽക്കുന്ന പ്രധാനമന്ത്രി, നിലവിലെ യഥാർത്ഥ കണക്കുകൾ പുറത്തുവിടാൻ തയ്യാറാകുന്നില്ല.
കഴിഞ്ഞ രണ്ട് മാസത്തിനിടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിൽ 38 ബില്യൺ ഡോളറിന്റെ കുറവുണ്ടായി. അമേരിക്കയുമായുള്ള വ്യാപാരക്കരാർ കാരണം ഇന്ത്യയുടെ വ്യാപാര മിച്ചം 9 ബില്യൺ ഡോളറായി ഇടിഞ്ഞു. ഇതിനുപുറമെ, സമീപ മാസങ്ങളിൽ 2 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപമാണ് ഇന്ത്യൻ വിപണിയിൽനിന്ന് പിൻവലിക്കപ്പെട്ടതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
The Congress party has taken a sarcastic swipe at the government, claiming that the country is facing a severe economic crisis and jokingly remarking that Finance Minister Nirmala Sitharaman has gone "missing" amid the situation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."