എല്ലാ വീടുകളിലും ശൗചാലയമുള്ള ജില്ലയിലെ ആദ്യ ബ്ലോക്കായി ഭരണിക്കാവ്
ആലപ്പുഴ: എല്ലാ വീടുകളിലും ശൗചാലയമുള്ള ജില്ലയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്തായി ഭരണിക്കാവിനെ ഇന്നു പ്രഖ്യാപിക്കും. ആറു പഞ്ചായത്തുകളിലായി 1326 കക്കൂസുകള്‍ നിര്‍മിച്ചു നല്‍കിയാണ് സമ്പൂര്‍ണ ശൗചാലയ നേട്ടം ഭരണിക്കാവ് കൈവരിച്ചത്.
ഭരണിക്കാവ് ഗ്രാമപഞ്ചായത്തില്‍ 172 കക്കൂസുകളും ചുനക്കരയില്‍ 234 ഉം നൂറനാട് 324 ഉം പാലമേലില്‍ 243 ഉം താമരക്കുളത്ത് 150 ഉം വള്ളികുന്നത്ത് 103 കക്കൂസുകളും പുതുതായി നിര്‍മിച്ചു.
വൈകിട്ട് അഞ്ചിന് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനം പൊതുമരാമത്ത്-രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ആര്‍. രാജേഷ് എം.എല്‍.എ. അധ്യക്ഷ്യത വഹിക്കും.
നേട്ടത്തിനു നേതൃത്വം നല്‍കിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ അഡ്വ. യു. പ്രതിഭാഹരി എം.എല്‍.എ. ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പ്രഫ. വി. വാസുദേവന്‍, ശാന്ത ഗോപാലകൃഷ്ണന്‍, അശോകന്‍ നായര്‍, ഓമന വിജയന്‍, ഗീത, ജി. മുരളി, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ കക്ഷിപ്രതിനിധികള്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഡി. സുദര്‍ശനന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിജോയ്, എ.ഡി.സി. പ്രദീപ് കുമാര്‍, ബി.ഡി.ഒ. ബി. ഷിന്‍സ് എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."