കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ 19ന് നെടുങ്കണ്ടത്ത് കര്‍ഷക പ്രതിഷേധ കൂട്ടായ്മ
തൊടുപുഴ: ജില്ലയിലെ സങ്കീര്‍ണ്ണമായ കാര്‍ഷികപ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കേരള കര്‍ഷകസംഘം ജിലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 19ന് നെടുങ്കണ്ടത്ത് കര്‍ഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് സി വി വര്‍ഗീസും സെക്രട്ടറി എന്‍ വി ബേബിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എട്ടിന ആവശ്യങ്ങള്‍ ഉയര്‍ത്തി രാവിലെ 10 മുതല്‍ ഒന്നു വരെ നെടുങ്കണ്ടം കിഴക്കേ കവലയിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് എം എം മണി എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും.
പട്ടയം ഉള്ളതും ഇല്ലാത്തതുമായ ഭൂമിയില്‍ കൃഷിക്കാരന്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാനുള്ള തടസം ഒഴിവാക്കുക, ഉപാധിരിത പട്ടയം നല്‍കുക, പട്ടയത്തിന് കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, വട്ടവടയിലെ കൃഷിക്കാരോട് പട്ടയം ആവശ്യപ്പെടുന്നതില്‍ നിന്ന് ദേവികുളം ആര്‍ഡിഒ പിന്തിരിയുക, കെട്ടിടമടക്കമുള്ള പുതിയ നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള സ്‌റ്റോപ്പ് മെമ്മോ പിന്‍വലിക്കുക, സമയബന്ധിതമായി റീസര്‍വേ പൂര്‍ത്തിയാക്കുക, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ജനവിരുദ്ധ നടപടികള്‍ ഒഴിവാക്കാന്‍ ഇടപെടുക, ഹൈറേഞ്ച് മൗണ്ടന്‍ ലാന്‍ഡ്‌സ്‌കേപ്പ് പദ്ധതി തടയുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധ കൂട്ടായ്മ.
ജില്ലയിലെ ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."