ജീപ്പ് തോട്ടിലേയ്ക്ക് മറിഞ്ഞ് കുട്ടികളടക്കം ആറു പേര്‍ക്ക് പരുക്ക്
രാജാക്കാട് : ശാന്തന്‍പാറ കള്ളിപ്പാറയ്ക്ക് സമീപം ജീപ്പ് 60 അടി താഴ്ചയില്‍ തോട്ടിലേയ്ക്ക് മറിഞ്ഞ് കുട്ടികളടക്കം ആറ് പേര്‍ക്ക് പരുക്കേറ്റു. ശാന്തന്‍പാറ സ്വദേശികളായ ജീപ്പ് ഡ്രൈവര്‍ രാജ(37), ഭാര്യ സോഫി(30), വളയംപിള്ളി കുട്ടിയച്ചന്‍(59), മകള്‍ ബിജി(34), ബിജിയുടെ മക്കളായ അട്സ(14), അലന്യ(7) എന്നിവര്‍ക്കാണു പരുക്കേറ്റത്. ഇവരെ നെടുങ്കണ്ടത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ പൂപ്പാറ - കുമളി സംസ്ഥാനപാതയിലാണ് അപകടമുണ്ടായത്.
നെടുങ്കണ്ടത്ത് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കുട്ടികളെ ഡിസ്ചാര്‍ജ്ജ് ചെയ്ത് ജീപ്പില്‍ വീട്ടിലേക്ക് മടങ്ങവെ കള്ളിപ്പാറക്കു സമീപത്ത് വച്ച് വാഹനത്തിന്റെ സ്റ്റിയറിക് റാഡിന് തകരാര്‍ സംഭവിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് 60 അടിയോളം താഴ്ച്ചയുള്ള തോട്ടിലേയ്ക്ക് മറിയുകയുമായിരുന്നു. മറിയുന്നതിനിടെ വാഹനത്തിന്റെ ഭാഗങ്ങളില്‍ ഇടിച്ചും തട്ടിയും എല്ലാവര്ക്കും പരിക്കേറ്റുവെങ്കിലും സാരമുള്ളതല്ല. തൊട്ടു പുറകെ വന്ന ടൂറിസ്റ്റ് വാഹനത്തിലുണ്ടായിരുന്നവര്‍ ജീപ്പിനുള്ളില്‍ കുടുങ്ങിക്കിടന്നിരുന്നവരെ പുറത്തിറക്കി നെടുങ്കണ്ടം ആശുപത്രിയില്‍ എത്തിച്ചു. . അപകടത്തില്‍ ജീപ്പ് ഭാഗികമായി തകര്‍ന്നു.
വിനോദ സഞ്ചാരികളുടേതുള്‍പ്പെടെ നൂറുകണക്കിനു വാഹനങ്ങള്‍ ദിവസവും കടന്നു പോകുന്ന സംസ്ഥാന പാതയാണെങ്കിലും റോഡില്‍ ഈ ഭാഗത്ത് ക്രാഷ് ബാരിയറുകളോ കലുങ്കോ ഇല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."