ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച: പൊലിസ് ഇരുട്ടില്‍ തപ്പുന്നു
തൊടുപുഴ: തൊടുപുഴയില്‍ വീടിനുള്ളില്‍ ദമ്പതികളെ കെട്ടിയിട്ട് പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണത്തില്‍ പൊലിസ് ഇരുട്ടില്‍ തപ്പുന്നു. പ്രതികളെന്ന് സംശയിക്കുന്ന ചിലരെക്കുറിച്ച് സൂചന ലഭിച്ചതായി കഴിഞ്ഞ ദിവസം പൊലിസ് പറഞ്ഞിരുന്നു. എന്നാല്‍, ഇവരെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായുള്ള പെരുമ്പാവൂര്‍, ആലുവ പ്രദേശങ്ങളില്‍ പരിശോധന തുടരുകയാണെന്ന് പൊലിസ് പറഞ്ഞു. സംഭവം നടന്ന് മൂന്നുദിനം പിന്നിട്ടിട്ടും കാര്യമായ തുമ്പു ലഭിക്കാത്തത് പൊലിസിനെ കുഴക്കുന്നുണ്ട്. പൊലിസ് പട്രോളിങ് ശക്തിപ്പെടുത്തിയിട്ടും ഫലമുണ്ടായിട്ടില്ല. നഗരത്തിലെ വ്യാപാരികളും പൊലിസ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന വികാരമാണ് പ്രകടിപ്പിച്ചിട്ടുള്ളത്. അടുത്തിടെ നടന്നിട്ടുള്ള മോഷണങ്ങളില്‍ ഒരു കേസില്‍ മാത്രമാണ് പൊലിസിന് പ്രതിയെ കണ്ടെത്താനായത്.
തൊടുപുഴയിലെ എസ്ബിഐയിലെ മോഷണശ്രമത്തിലെ അന്വേഷണവും എവിടെയും എത്തിയിട്ടില്ല. നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും അടിക്കടിയുണ്ടാകുന്ന മോഷണം ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."