മാസത്തിലൊരിക്കല്‍ മന്ത്രിമാരുടെ സംഗമം വകുപ്പുകളുടെ പ്രവര്‍ത്തനം മെച്ചമാക്കുമെന്ന് വിലയിരുത്തല്‍
കൊല്ലം: എല്ലാമാസവും മന്ത്രിമാരെല്ലാം ഒരു മന്ത്രിയുടെ വീട്ടില്‍ ഒത്തുകൂടുന്ന സംഗമത്തിനു മികച്ച പ്രതികരണം. അതേസമയം ഓരോ വകുപ്പും മന്ത്രിയുടെയോ ഘടക കക്ഷിയുടെയോ കുത്തകയോ സാമ്രാജ്യമോ ആക്കാന്‍ അനുവദിക്കില്ലെന്ന സന്ദേശം സൗമ്യമായി നല്‍കാനും ഇതിലൂടെ മുഖ്യമന്ത്രിക്ക് സാധിച്ചുവെന്നാണ് വിലയിരുത്തല്‍. ഈ ആശയം ആദ്യം മുന്നോട്ടുവച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസാണ് ആദ്യം കൂടിച്ചേരലിനു വേദിയായത്. എല്ലാവരും കുശലം പറഞ്ഞും ഒന്നിച്ചു ഭക്ഷണം കഴിച്ചും മാത്രമല്ല ആ കൂടിച്ചേരല്‍ വിജയകരമാക്കിയത്. മറിച്ച്, ഓരോ വകുപ്പുകളെയും കുറിച്ച് തങ്ങള്‍ക്കുള്ള വിലയിരുത്തല്‍ വിശദീകരിക്കാനും മറ്റുള്ളവരുടെ അഭിപ്രായം മനസിലാക്കാനും സാധിച്ചതായാണ് മുന്നണിയുടെ വിലയിരുത്തല്‍. മുഖ്യമന്ത്രി തന്നെ ഓരോ വകുപ്പിന്റെയും ഗുണവും കുറവും പറയാനും തിരുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കാനും തയാറായി. മികവുകളെ അദ്ദേഹം തുറന്നഭിനന്ദിക്കുകയും ചെയ്തു. അതേ സമയം മുമ്പില്ലാത്ത വിധം മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മില്‍ നല്ല വ്യക്തിബന്ധവും മന്ത്രിമാര്‍ തമ്മില്‍ അകല്‍ച്ചയില്ലായ്മയും ഉണ്ടാക്കാന്‍ സാധിച്ചെന്നാണ് നാലു മാസമാകുന്ന സര്‍ക്കാരിനെക്കുറിച്ചുള്ള സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും വിലയിരുത്തല്‍.
മുന്‍പ് എ.കെ ആന്റണി സര്‍ക്കാര്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും പ്രതിമാസ യോഗം വിളിച്ചിരുന്നു. വി.എസ് സര്‍ക്കാരിന്റെ കാലത്ത് അത്തരമൊരു നീക്കം നടന്നെങ്കിലും സി.പി. എമ്മിലെ ഔദ്യോഗിക പക്ഷ മന്ത്രിമാരില്‍ ചിലര്‍ സഹകരിക്കാന്‍ വിസമ്മതിച്ചു. വിവാദങ്ങളില്ലാതെയും മന്ത്രിമാരെ വിശ്വാസത്തിലെടുത്തും വേണം പ്രതിമാസ യോഗം എന്ന തീരുമാനത്തിന്റെ ഭാഗമായാണ് പിണറായി വിജയന്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കി മന്ത്രിമാരുടെ മാത്രം കൂടിച്ചേരലാക്കിയത്. അതേസമയം മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ടവര്‍ കൂടിച്ചേരലിന്റെ ഭാഗമായ ഭക്ഷണത്തിലും മറ്റും പങ്കെടുക്കുന്നുണ്ട്. പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ തമ്മില്‍ ബന്ധം ഉണ്ടാകാനും അടുപ്പമുണ്ടാകാനും ഇത് ഇടയാക്കിയിട്ടുണ്ടത്രേ. എന്നാല്‍ ഈ അടുപ്പംവച്ച് ഒരു മന്ത്രിയുടെ സ്റ്റാഫംഗം മറ്റു മന്ത്രിമാരുടെ സ്റ്റാഫിനോട് ശുപാര്‍ശകള്‍ നടത്തുന്നത് മുഖ്യമന്ത്രി തന്നെ വിലക്കിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."