പെണ്ണിനെ പിച്ചിച്ചീന്തുന്നവന് മരണമാകണം വിധി: മഞ്ജുവാര്യര്‍
തിരുവനന്തപുരം: പെണ്ണിനെ പിച്ചിച്ചീന്തുന്നവന് വിധി മരണമാകണമെന്ന് നടി മഞ്ജുവാര്യര്‍. അത് കഴുത്തില്‍ കുരുക്കിട്ടുകൊണ്ട് ആവണമെന്നില്ലല്ലോ, അവന്റെ ശിഷ്ടജീവിതം മരണസമാനമായാലും പോരെ? ഒരു തിരുത്തിയെഴുത്തും സാധ്യമല്ലാതെ അങ്ങനെയൊരു അന്തിമവിധിയിലേക്ക് എന്നാണ് നമ്മുടെ നിയമം ഏകീകരിക്കപ്പെടുക?
സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ ഫേസ്ബുക്കിലാണ് മഞ്ജുവാര്യര്‍ തന്റെ കുറിപ്പിട്ടത്.
ഫേസ്ബുക്ക് പോസ്റ്റ് തുടരുന്നു: ജീവിതം പലവട്ടം തോല്‍പ്പിച്ചതുകൊണ്ട് പഠനം നിര്‍ത്തേണ്ടിവരികയും ഒരു കുഞ്ഞുവീട് എന്ന തീര്‍ത്തും സാധാരണ സ്വപ്നത്തിനുവേണ്ടി വിശപ്പുമറന്നു പണിയെടുക്കേണ്ടിവരികയും ചെയ്ത ഒരു പെണ്‍കുട്ടി.
വഴിക്കണ്ണുമായി കാത്തിരിക്കുന്ന അമ്മയുടെ അടുക്കലേക്കുള്ള യാത്രയില്‍ ഏകാന്തമായ തീവണ്ടിമുറിയില്‍ നിന്ന് അവള്‍ വഴിയരികിലേക്ക് വലിച്ചെറിയപ്പെടുന്നു. അവിടെവച്ച് അവന്റെ നഖങ്ങളാലും പല്ലുകളാലും പിച്ചിക്കീറപ്പെടുന്നു. ആറാംനാള്‍ ആശുപത്രിയില്‍ അവസാനിക്കുന്നു. മാനം കവര്‍ന്നെടുക്കപ്പെട്ട് അവള്‍ മരിച്ചു എന്നത് സത്യം.
ഒരു ആണ്‍മൃഗമാണ് അതിനു കാരണക്കാരന്‍ എന്നതും സത്യം. എന്താണ് അവനുള്ള ശിക്ഷ? നമ്മുടെ നീതിന്യായ വ്യവസ്ഥ ആദ്യം വിധിച്ചത് പിന്നീട് തിരുത്തിയെഴുതിയിരിക്കുന്നു.
പെണ്ണിന്റെ അഭിമാനം വലിച്ചുകീറുന്നവന് എന്താണ് ശിക്ഷയെന്നതിലുള്ള അവ്യക്തതയാണ് സൗമ്യ വധക്കേസിലെ പരമോന്നത നീതിപീഠത്തിന്റെ വിധിയെഴുത്തിലൂടെ വ്യക്തമാകുന്നത്. ഏഴുവര്‍ഷമെന്ന അഭ്യൂഹത്തില്‍ തുടങ്ങി ഒടുവിലത് ജീവപര്യന്തമെന്ന വാര്‍ത്തയില്‍ എത്തി നില്‍ക്കുന്നു.
അപ്പോഴും അത് ജീവിതാന്ത്യം വരെയുള്ള തടവാണോ എന്ന് ഉറപ്പിച്ചുപറയാന്‍ നമുക്ക് കഴിയുന്നില്ല. അഥവാ അങ്ങനെയാണെങ്കില്‍ തന്നെ ഭാവിയില്‍ ഏതെങ്കിലും സര്‍ക്കാരിന് ഇളവു ചെയ്യാമെന്ന വ്യവസ്ഥ ചോദ്യചിഹ്നം പോലെ ചിരിക്കുന്നു.
ഇതു തന്നെയാകില്ലേ ഒടുവില്‍ ജിഷ വധക്കേസിലും സംഭവിക്കുകയെന്ന സംശയം എല്ലാവരിലും ഉണരുന്നു. വധശിക്ഷക്ക് രണ്ടു പക്ഷമുളളതിനാല്‍, മാനഭംഗക്കേസുകളില്‍ ജീവിതാന്ത്യം വരെ യാതൊരു ആനുകൂല്യങ്ങളും ഇളവുകളുമില്ലാത്ത ഏകാന്തമായ കഠിനതടവ് എന്ന ശിക്ഷയിലേക്ക് നമ്മുടെ വ്യവസ്ഥ പൊളിച്ചെഴുതപ്പെടേണ്ടതല്ലേ?
നിര്‍ഭയ കേസിനുശേഷം ശിക്ഷാ വ്യവസ്ഥകളില്‍ വരുത്തിയ ഭേദഗതികളില്‍ പോലും ആശ്വാസമര്‍പ്പിക്കാനാകില്ലെന്ന് സൗമ്യ കേസിലെ വിധി കാണിച്ചുതരുന്നുവെന്നും മഞ്ജുവാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."