9/11 നിയമം: അമേരിക്കയ്‌ക്കെതിരെ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്
റിയാദ്: സെപ്റ്റംബര്‍ പതിനൊന്ന് ആക്രമണത്തെ തുടര്‍ന്ന് അമേരിക്ക നടത്തുന്ന കേസില്‍ പുതിയ നിയമത്തിനെതിരേ കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. യാത്രാ വിമാനങ്ങള്‍ തട്ടിയെടുത്തു അല്‍ഖായിദ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് സഊദി അറേബ്യക്കെതിരേ കേസ് കൊടുക്കാന്‍ അനുവദിക്കുന്ന ജസ്റ്റിസ് എഗൈന്‍സ്‌റ് സ്‌പോണ്‍സേര്‍സ് ഓഫ് ടെററിസം ആക്ട് (ജസ്റ്റ) എന്ന അമേരിക്കന്‍ നിയമത്തിനെതിരെയാണ് ജി.സി.സി അംഗ രാജ്യങ്ങളടക്കം കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തിയത്.
സഊദി അറേബ്യയടക്കമുള്ള വിദേശരാജ്യങ്ങളില്‍ നിന്നും നഷ്ടപരിഹാരം തേടി കേസ് നല്‍കുന്നതിന് സെപ്തംബര്‍ 11 ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ അനുവദിക്കുന്ന ബില്ല് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇത് വിദേശബന്ധങ്ങളില്‍ അപകടകരമായ കീഴ്‌വഴക്കമുണ്ടാക്കുമെന്നും ജി.സി.സി ആശങ്കപ്പെട്ടിരുന്നു. നേരത്തെ അമേരിക്കന്‍ സെനറ്റ് അംഗീകാരം നല്‍കിയ നിയമ നിര്‍മാണത്തിന് അമേരിക്കന്‍ കോണ്‍ഗ്രസ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അംഗീകാരം നല്‍കിയത്.
നിയമനിര്‍മാണത്തെ ജി.സി.സി സഖ്യം അപലപിച്ചതിനു പുറമെ അറബ് ലീഗും മറ്റു രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരമൊരു നിയമം നിര്‍മിക്കുന്നതിന് അമേരിക്കന്‍ കോണ്‍ഗ്രസ് മുന്നോട്ടു വന്നത് അമ്പരപ്പുളവാക്കുന്നതായി അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമ്മദ് അബുല്‍ ഗൈത് പറഞ്ഞു. വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കുന്നതിനു കാരണമാകുന്ന നിയമനിര്‍മാണത്തില്‍ നിന്നും തടിയൂരാന്‍ ഇതില്‍ നിന്നും തടയുന്നതിന് യു.എസ് ഭരണകൂടത്തിനു സാധിക്കുമെന്നാണ് കരുതുന്നതെന്നും അറബ് ലീഗ് പ്രത്യാശ പ്രകടിപ്പിച്ചു.
2011 സെപ്തംബറിലാണ് 19 അല്‍ഖായിദക്കാര്‍ നാലു യാത്രാ വിമാനങ്ങള്‍ തട്ടിയെടുത്തു ന്യൂയോര്‍ക്ക് വേള്‍ഡ് ട്രേഡ് സെന്ററിനും പെന്റഗണിനു നേരെയും ആക്രമണം നടത്തിയത്. സംഘത്തിലെ 15 പേരും സഊദി പൗരന്മാരായിരുന്നെവെന്നാണ് കണ്ടെത്തല്‍. അതെ സമയം, ഇത്തരമൊരു നിയമം അംഗീകരിക്കുന്നത് മറ്റു രാജ്യങ്ങളില്‍ അമേരിക്കയ്‌ക്കെതിരെ നിയമ നടപടികള്‍ക്ക് വഴിവയ്ക്കുമെന്ന് ആശങ്കയുള്ളതിനാല്‍ നിര്‍ദ്ദിഷ്ട നിയമം വീറ്റോ ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ വ്യക്തമായാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."