മാണിക്കും ബാബുവിനുമെതിരായ കേസുകള്‍ വാദിക്കാന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാര്‍
തിരുവനന്തപുരം: വിജിലന്‍സ് കേസുകള്‍ വാദിക്കാന്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കും. മുന്‍ ധനമന്ത്രി കെ.എം മാണിക്കും, മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനുമെതിരായ കേസുകള്‍ വാദിക്കുന്നതിനാണ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നത്.
ഇതു സംബന്ധിച്ച് വിജിലന്‍സ് ഡയരക്ടര്‍ സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിരുന്നു. കെ.എം മാണിക്കുവേണ്ടി എം.കെ ദാമോദരന്‍ ഹൈക്കോടതിയില്‍ ഹാജരാകുന്ന സാഹചര്യത്തിലാണിത്.
തിങ്കളാഴ്ചയാണ് കെ.എം മാണിക്കെതിരേയുള്ള കേസ് ഹൈക്കോടതി പരിഗണിക്കുന്നത്. ബാര്‍കോഴ, ഇറച്ചിക്കോഴി-ബേക്കറി എന്നിവയ്ക്ക് നിയമവിരുദ്ധ നികുതിയിളവ് ബജറ്റില്‍ പ്രഖ്യാപിച്ചതു സംബന്ധിച്ച കേസുകളില്‍ കോടതി നിര്‍ദേശ പ്രകാരമാണ് വിജിലന്‍സ് എഫ്.ഐ.ആര് ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്തത്.
മാണിക്കെതിരേ വിജിലന്സിട്ട എഫ്.ഐ.ആര് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ ദാമോദരന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതു സംബന്ധിച്ച കേസാണ് തിങ്കളാഴ്ച കോടതി പരിഗണിക്കുന്നത്.
നിരവധി കേസുകള്‍ വാദിച്ച് പരിചയ സമ്പനായ എം.കെ ദാമോദരനെതിരേ വാദിക്കാന്‍ നിലവില്‍ വിജിലന്‍സ് കേസുകള്‍ വാദിക്കുന്ന പ്രോസിക്യൂട്ടര്‍മാര്‍ക്ക് പരിചയക്കുറവുണ്ടെന്നാണ് വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് കെ.എം മാണിയുടേയും കെ ബാബുവിന്റേയും കേസുകള്‍ വാദിക്കുന്നതിന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണമെന്ന് വിജിലന്‍സ് ഡയരക്ടര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."