ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം; മക്കളുടെ സംരക്ഷണം വനംവകുപ്പ് ഏറ്റെടുക്കും
തിരുവനന്തപുരം: ചിന്നക്കനാലില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സൂര്യനെല്ലി സ്വദേശി മാരിയുടെ കുടുംബത്തിന് സഹായവുമായി വനം മന്ത്രി ഷിബു ബേബി ജോണ്‍. അഞ്ച് ലക്ഷം രൂപ ധനസഹായമായി നല്‍കുകയും മക്കളുടെ സംരക്ഷണവും ഭാവി സുരക്ഷയും വനംവകുപ്പ് ഏറ്റെടുക്കുകയും ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
കുട്ടികളുടെ ക്ഷേമം നിരീക്ഷിക്കുന്നതിനായി ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനെ മെന്ററായി നിയോഗിക്കും. കുട്ടികളുടെ വിദ്യാഭ്യാസം, സംരക്ഷണം, മറ്റ് ആവശ്യങ്ങള്‍ എന്നിവയില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
കുടുംബത്തിന് പ്രതിമാസം 5,000 രൂപ വീതം ധനസഹായം നല്‍കും. മാതാപിതാക്കള്‍ മരണപ്പെട്ടാല്‍ കുട്ടികള്‍ വഴിയാധാരമാവുന്ന രീതി ഇനി ഉണ്ടാകില്ല. അനാഥരാവുന്ന കുട്ടികളുടെ സംരക്ഷണവും അവരുടെ റേഷന്‍ സംവിധാനവും സൗജന്യമാക്കുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
മനുഷ്യ-വന്യജീവി ആക്രമണത്തില്‍ പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ സമഗ്ര പദ്ധതി അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വന്യമൃഗങ്ങള്‍ കാട്ടില്‍ മാത്രം ഒതുങ്ങാതെ ജനവാസ മേഖലകളില്‍ സ്ഥിരമായി എത്തുന്ന സാഹചര്യം ഏറെ ആശങ്ക വര്‍ധിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച രാവിലെ മകനെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ പോകുന്നതിനിടെയാണ് മാരിക്കും മകനും നേരെ കാട്ടാന ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മാരി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് ശക്തമായ പ്രതിഷേധവും ജനരോഷവും ഉയര്‍ന്നിരുന്നു. സംഭവത്തിന് ശേഷവും കാട്ടാന പ്രദേശത്ത് തന്നെ തുടരുന്നത് നാട്ടുകാരില്‍ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്.
Forest Minister Shibu Baby John has come forward to help the family of Mari, who was killed in a wild elephant attack in Chinnakanal. The Forest Department has taken over the protection of the children.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."