ഇസ്റാഈൽ-ഇറാൻ സംഘർഷത്തിൽ അയവ്; ദുബൈയിലെ സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നു
ദുബൈ: മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ അയയുന്നതിന്റെ സൂചനകൾ പുറത്തുവന്നതോടെ ആഗോള വിപണിയിൽ സ്വർണ്ണവിലയിൽ നേരിയ ഇടിവ്. എന്നാൽ പ്രാദേശിക വിപണിയായ ദുബൈയിൽ ചൊവ്വാഴ്ച രാവിലെ സ്വർണ്ണവില വലിയ മാറ്റങ്ങളില്ലാതെ സ്ഥിരത നിലനിർത്തി. ഇസ്റാഈൽ-ഇറാൻ വെടിനിർത്തൽ സാധ്യതകളും യുഎസിലെ പണപ്പെരുപ്പ സൂചകങ്ങളും നിക്ഷേപകർ സൂക്ഷ്മമായി വിലയിരുത്തുന്ന പശ്ചാത്തലത്തിലാണ് വിപണിയിലെ ഈ നിശ്ചലാവസ്ഥ.
ഇന്ന് രാവിലെ ദുബൈയിലെ വിപണിയിൽ 22 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 500 ദിർഹത്തിന് താഴെയായി തുടരുകയാണ്. ആഗോളതലത്തിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിലുള്ള സ്വർണ്ണത്തിന്റെ ഡിമാൻഡ് കുറഞ്ഞതോടെ രാജ്യാന്തര വില ഔൺസിന് 4,300 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നു.
ദുബൈയിലെ ഇന്നത്തെ സ്വർണ്ണവില
ചൊവ്വാഴ്ച യുഎഇയിൽ വിപണി തുറക്കുമ്പോൾ സ്വർണ്ണ നിരക്കുകൾ ഇപ്രകാരമാണ്:
- 24 കാരറ്റ്: ഗ്രാമിന് 522.25 ദിർഹം (തിങ്കളാഴ്ച വിപണി ക്ലോസ് ചെയ്യുമ്പോൾ ഇത് 521.5 ദിർഹമായിരുന്നു).
- 22 കാരറ്റ്: ഗ്രാമിന് 483.5 ദിർഹം.
- 21 കാരറ്റ്: ഗ്രാമിന് 463.5 ദിർഹം.
- 18 കാരറ്റ്: ഗ്രാമിന് 397.25 ദിർഹം.
ആഗോള വിപണിയിലെ പ്രതിഫലനം
രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 4,333 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ കുറഞ്ഞത് സ്വർണ്ണവിലയിൽ കാര്യമായ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
അതേസമയം, വെള്ളിയുടെ വിലയിലും ഇടിവ് രേഖപ്പെടുത്തി. വെള്ളി വില ഔൺസിന് 0.66 ശതമാനം ഇടിഞ്ഞ് 67.95 ഡോളറിലെത്തി.
സംഘർഷം ഒഴിഞ്ഞത് വിപണിയെ സ്വാധീനിച്ചതെങ്ങനെ?
ഇറാനെതിരെ ഉടനടി കൂടുതൽ സൈനിക നീക്കങ്ങൾക്കില്ലെന്ന് ഇസ്റാഈൽ സൂചന നൽകിയതിന് പിന്നാലെ, തങ്ങളുടെ ഭാഗത്തുനിന്നുള്ള താൽക്കാലിക സൈനിക നടപടികൾ അവസാനിപ്പിച്ചതായി ഇറാനും പ്രഖ്യാപിച്ചിരുന്നു. യുഎസിന്റെ മധ്യസ്ഥതയിൽ നടന്ന നയതന്ത്ര ശ്രമങ്ങളാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിന് താൽക്കാലിക ശമനമുണ്ടാക്കിയത്.
"യുഎസിന്റെ നേതൃത്വത്തിലുള്ള നയതന്ത്ര ശ്രമങ്ങളെത്തുടർന്ന് ഇസ്റാഈലും ഇറാനും തമ്മിലുള്ള പിരിമുറുക്കം ഒറ്റരാത്രികൊണ്ട് ശാന്തമായിട്ടുണ്ട്. പലരും ഭയപ്പെട്ടിരുന്ന ഒരു വൻ യുദ്ധത്തിലേക്ക് നീങ്ങുന്നതിന് പകരം വിപണി ഇപ്പോൾ കൂടുതൽ സുരക്ഷിതത്വത്തിലേക്ക് നീങ്ങുകയാണ്. ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ മങ്ങുന്നത് സ്വർണ്ണവില പെട്ടെന്ന് ഉയരാനുള്ള സാധ്യതകളെ പരിമിതപ്പെടുത്തുന്നു." പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ പെപ്പർസ്റ്റോണിലെ (Pepperstone) റിസർച്ച് സ്ട്രാറ്റജിസ്റ്റ് അഹമ്മദ് അസീരി വ്യക്തമാക്കി.
ഭാവിയിൽ വിപണി ഏത് ദിശയിലേക്ക് നീങ്ങുമെന്ന് പ്രവചിക്കാൻ കഴിയില്ലെങ്കിലും, നിലവിലെ താൽക്കാലിക ശാന്തത എത്രത്തോളം നീണ്ടുനിൽക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും നിക്ഷേപകരുടെ അടുത്ത നീക്കങ്ങളെന്ന് അസിരി കൂട്ടിച്ചേർത്തു.
Dubai gold prices remained steady despite ongoing developments in the Israel-Iran conflict. Check the latest gold rates in Dubai and understand how global geopolitical tensions influence precious metal markets.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."